കയ്യടി കിട്ടാൻ മലയാള സിനിമയിലെ വില്ലൻമാരെ കൊണ്ട് കാവി കുറി തൊടീക്കുകയും ചരട് കെട്ടിപിപ്പിക്കുകയും ചെയ്യുന്ന പ്രവണതയെ വിമർശിച്ച് ബിജെപി നേതാവ് പി.ആർ.ശിവശങ്കർ. വില്ലന്മാരും സ്ത്രീവിരുദ്ധരും സവർണ്ണ ഫാസിസ്റ്റുകളും ദളിത് ആദിവാസി വിരുദ്ധരുമെല്ലാം വലത് രാഷ്‌ട്രീയക്കാരാണെന്ന് മനപൂർവ്വം വരുത്തി തീർക്കുകയാണ് മലയാള സിനിമാ സംവിധായകരെന്ന് ശിവശങ്കർ വിമർശിക്കുന്നു. ‘ആദ്യം അവർ അവഗണിക്കും, പിന്നേ പരിഹസിക്കും, പിന്നീട് അവർ നിങ്ങളോട് പോരാടും അപ്പോൾ നിങ്ങൾ ജയിക്കും’ എന്ന മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധമായ വാക്കുകൾക്ക് വർത്തമാനകാല മലയാള സിനിമ ചരിത്രവുമായും ബന്ധമുണ്ട്.
ഹിന്ദുത്വ രാഷ്‌ട്രീയത്തെ സംവിധായകർ അടയാളപ്പെടുത്തിയിരുന്നത് കാവിധരിച്ച്, തടിച്ചുകൊഴുത്ത്, ശരീരത്ത് ഭസ്മവും ചന്ദനവും വാരിപ്പൂശി, മത്തങ്ങാ വലിപ്പമുള്ള രുദ്രാക്ഷമാല ധരിച്ച്, നെറ്റിയിൽ ഭീമാകാരമായ കുങ്കുമക്കുറിയിട്ട വില്ലനായിട്ടായിരുന്നു. അത്തരം ബിംബവൽക്കരണത്തിന് കേരളത്തിൽ കാര്യമായ ഉദിഷ്ടസിദ്ധി കിട്ടാത്തതിനാലാകണം പുതിയ സിനിമകളിലെ ഹൈന്ദവ രാഷ്‌ട്രീയത്തിലെ ബിംബവൽക്കരണം കുറച്ചുകൂടി ആധുനിക മലയാള സിനിമകളെപ്പോലെ ഋജുവും ലളിതവുമാക്കി. പുതിയ മലയാള സിനിമയിലെ വലതു രാഷ്‌ട്രീയക്കാരൻ വേഷഭൂഷാദികൾ കൊണ്ട് അവനെ ഒരു പരിധിവരെ ശരിയായി അടയാളപ്പെടുത്തുന്നുണ്ട്. പക്ഷെ അവർ വില്ലന്മാരാണ്, അവർ സ്ത്രീ വിരുദ്ധരാണ്, അവർ സവർണ്ണ ഫാസിസ്റ്റുകളും ദളിത് ആദിവാസി വിരുദ്ധരുമാണ്. അടുത്തിടെ വന്ന കൂമൻ, ജയ ജയ ജയ ഹേ, ഭാരത് സർക്കസ് എന്നി ചിത്രങ്ങൾ തന്നെ ഉദാഹരണം. വില്ലന്മാരെ സംഘിയാക്കേണ്ടത് ചിലരുടെ നിർബന്ധമാണ്.
അവർക്ക് അട്ടപ്പാടിയിലെ മധുവിനെ കൊന്നവന്റെ, മഹാരാജാസിലെ അഭിമന്യുവിനെ കൊന്നവന്റെ രാഷ്ട്രീയം പറയുവാൻ ഭയമാണ്. അങ്ങനെ ഒരു സിനിമ ചെയ്യേണ്ടിവരുമെന്നോർത്താൽ പോലും കിടക്കപ്പായ നനയ്ക്കുന്ന രാഷ്ട്രീയ ധൈര്യമാണ് ഇവർക്കുള്ളത്. അപ്പോൾ പിന്നെ പ്രതികരിക്കാത്ത കുറച്ച് സംഘികളുടെ നെഞ്ചത്തേയ്‌ക്ക് കയറിയാൽ മതിയല്ലോ. ഞങ്ങൾ ശുഭാപ്തി വിശ്വാസമുള്ളവരാണ്. നാളിതുവരെ നിങ്ങൾ ഞങ്ങളെ അവഗണിച്ചു. ഇപ്പോൾ പരിഹസിക്കുന്നു. നാളെ നിങ്ങൾ ഞങ്ങളോട് ഏറ്റുമുട്ടാൻ വരും. നന്മകൊണ്ടും, നിസ്വാർത്ഥ സേവനമനസ്ഥിതികൊണ്ടും ഞങ്ങൾ നിങ്ങളുടെ മനസ്സും കീഴടക്കും എന്നും ശിവശങ്കർ ഫെയ്സബുക്കിൽ കുറിച്ചു.
പി.ആർ.ശിവശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്,
First they ignore you, then they laugh at you, then they fight you, then you win: Mahatma Gandhi
ആദ്യം അവർ അവഗണിക്കും, പിന്നേ പരിഹസിക്കും.. പിന്നീട് അവർ നിങ്ങളോട് പോരാടും അപ്പോൾ നിങ്ങൾ ജയിക്കും. മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധമായ വാക്കുകളാണ് ഇവ. ഇത് വർത്തമാനകാല മലയാള സിനിമ ചരിത്രവുമായും ബന്ധമുണ്ടോ? ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. കാലങ്ങളായി മലയാള സിനിമയിലെ ത്യാഗികളായ ഭൂരിഭാഗം രാഷ്‌ട്രീയ നേതാക്കളും കമ്യൂണിസ്റ്റ് ആയിരുന്നു. ചിലപ്പോഴൊക്കെ വില്ലന്മാരും. ക്യാംപസ് സിനിമകളിൽ പ്രത്യേകിച്ചും. ഹിന്ദുത്വ രാഷ്‌ട്രീയത്തെ അവർ അടയാളപ്പെടുത്തിയിരുന്നത് കാവിധരിച്ച്, തടിച്ചുകൊഴുത്ത്, ശരീരത്ത് ഭസ്മവും ചന്ദനവും വാരിപ്പൂശി, മത്തങ്ങാ വലിപ്പമുള്ള രുദ്രാക്ഷമാല ധരിച്ച്, നെറ്റിയിൽ ഭീമാകാരമായ കുങ്കുമക്കുറിയിട്ട വില്ലനായിട്ടായിരുന്നു. അത്തരം ബിംബവൽക്കരണത്തിന് കേരളത്തിൽ കാര്യമായ എഫക്ട് അല്ലെങ്കിൽ ഉദിഷ്ടസിദ്ധി കിട്ടാത്തതിനാലാകണം പുതിയ സിനിമകളിലെ ഹൈന്ദവരാഷ്‌ട്രീയത്തിലെ ബിംബവൽക്കരണം കുറച്ചുകൂടി ആധുനിക മലയാള സിനിമകളെപ്പോലെ ഋജുവും ലളിതവുമാക്കി. പുതിയ മലയാള സിനിമയിലെ വലതു രാഷ്‌ട്രീയക്കാരൻ വേഷഭൂഷാദികൾ കൊണ്ട് അവനെ ഒരു പരിധിവരെ ശരിയായി അടയാളപ്പെടുത്തുന്നുണ്ട്. പക്ഷെ അവർ വില്ലന്മാരാണ്, അവർ സ്ത്രീ വിരുദ്ധരാണ്, അവർ സവർണ്ണ ഫാസിസ്റ്റുകളും ദളിത് ആദിവാസി വിരുദ്ധരുമാണ്. അടുത്ത് വന്ന മൂന്ന് സിനിമകൾ ഉദാഹരണം.
ആദ്യത്തേത് കൂമൻ. അനാവശ്യമായി കാര്യങ്ങളിൽ ഇടപെടുന്ന, കബഡി കളിയിൽ (ബിജെപിക്കാർക്ക് കബഡി മാത്രമേ കളിക്കാനും കാണാനും പാടുള്ളൂ എന്നൊരു അലിഖിത നിയമം മലയാള സിനിമയിൽ ഉണ്ട്) ഉടക്കുണ്ടാക്കുന്ന, ഒരു സാധാരണ പോലീസ് കോൺസ്ട്രബിളിന്റെ കയ്യിൽ നിന്ന് തല്ലുവാങ്ങിക്കുന്ന കുങ്കുമ പൊട്ടുതൊട്ട ഒരു കഥയില്ലാത്തവൻ. വല്യ കുഴപ്പമില്ല എന്ന് തോന്നിപ്പിക്കുന്നിടത്താണ് വില്ലൻ കടന്നുവരുന്നത്. ആഭിചാരക്രിയ ചെയ്യുന്ന, സൈക്കൊസിസായ, സീരിയൽ കില്ലറായ, നരബലി നടത്തുന്ന പൂജാരി. ശരിയാണ് ഈ വിധം അന്ധവിശ്വാസങ്ങൾ കൊണ്ടുനടക്കുന്ന ഒരു വിഭാഗം നാട്ടിൽ ഉണ്ട്. ഇപ്പോഴും കയ്യിൽ ചരടുകെട്ടിയാൽ, വിരലിൽ മോതിരത്തിന്റെ കൂടെ ഏതെങ്കിലും കല്ലിട്ടാൽ, സർപ്പം പ്രത്യക്ഷപ്പെട്ട നോട്ടീസ് 100 എണ്ണം അടിച്ചു വിതരണം ചെയ്‌താൽ ഭാഗ്യം വരുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശത്രുസംഹാരം പൂജ നടത്തിയാൽ ശത്രുക്കൾ ഇല്ലാതാകുമെന്ന് ഭക്തരെ വിശ്വസിപ്പിക്കുന്ന സർക്കാരുള്ളപ്പോൾ ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നുള്ള വാദവും ഉണ്ട്. എന്നാൽ നരബലിയും മൃഗബലിയും നടത്തുന്നത്, ഒരു മതവിഭാഗം മാത്രമാണ്. മലയാള സിനിമയിൽ പ്രതേകിച്ചും. എന്നാൽ എന്തുകൊണ്ടോ കേരളത്തിൽ ഈ അടുത്ത് നടന്ന നരബലിയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവരുടെ രാഷ്‌ട്രീയം എത്രനാൾ കഴിഞ്ഞാലും മലയാള സിനിമ ഓർക്കുവാൻ സാധ്യതയില്ല.
ജയ ജയ ജയ ഹേ എന്ന സിനിമയുടെ റിവ്യു ഒരു പ്രധാന പത്രം എഴുതിയത് ചിരി ചിരി ചിരി ഹേ എന്നാണ്. നല്ല ചിരിയാണ്, നല്ല സിനിമയാണ്, സ്ത്രീപക്ഷ സിനിമയാണ്. പല സ്ത്രീകളും അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളാണ്. എല്ലാം ശരിയാണ്. എന്നാൽ പുരുഷവർഗ മൂരാച്ചിയായ, വിവരമില്ലാത്ത കോഴിക്കച്ചവടക്കാരനായ, സ്ത്രീകളുടെ മനസ്സറിയാൻ പോലും ബുദ്ധിയില്ലാത്ത, കുങ്കുമ കുറിതൊടുന്ന നായകന്റെ മെന്റർ അനിയൻ അണ്ണൻ കുറിതൊടണം എന്നുമാത്രമല്ല ഭാരതം പത്തു വർഷത്തിനകം സൂപ്പർ പവറാകും, സ്ത്രീകൾക്കുവേണ്ടത് സംസ്കാരമാണെന്നും പറയിപ്പിച്ചുറപ്പിച്ചാലേ രചനയും സംവിധാനവും നിർവ്വഹിച്ച വിപിൻ ദാസിന് ഉറക്കം വരൂ. രാജേഷിനെ ഒരു സ്ത്രീ വിരുദ്ധനായി മാറ്റിയെടുക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ഭാര്യ ഇറങ്ങിപ്പോയ അനിയൻ അണ്ണനാണ്. അല്പബുദ്ധിയായ അനിയൻ അണ്ണനെ അതു കൊണ്ടുതന്നെ സംഘിയാക്കേണ്ടത് ചിലരുടെ നിർബന്ധമാണ്. അനിയൻ അണ്ണനെപ്പോലെ സംവിധായകനും ഇമ്പോസിഷൻ എഴുതി പഠിക്കുകയാണ്. സ്വദേശീയ രാഷ്‌ട്രീയ ദർശനം പരിഹാസ്യമാണെന്ന്.
ഭാരത് സർക്കസ് എന്ന സർക്കസിലും ഉല്പാദിപ്പിക്കാൻ ശ്രമിച്ചത് സവർണ്ണ വിരുദ്ധതയുടെ നിറമുള്ള രാഷ്‌ട്രീയമാണെന്ന് തോന്നുന്നു. കാണുവാൻ ശ്രമിച്ചപ്പോഴേക്ക് വമ്പിച്ച ജനപ്രീതി കാരണം തിയറ്ററിൽ നിന്നു പോയി ഈ സർക്കസ്. അതിലും താത്വിക അവലോകനത്തിലെ ജിച്ചേട്ടൻ കുറിയും തൊട്ട് അനൂപ് ഇടയ്‌ക്കിടക്ക് ലക്ഷ്മണന്റെ വീട്ടിലേക്ക് ഒരു പോക്കുവരവുണ്ട് എന്നും, സ്വഭാവ മഹിമയുള്ള കോക്ക്പിറ്റ് നടൻ ജി ഏട്ടൻ ഒന്നുക്കൂടി മുറ്റണം എന്ന് ഷർട്ടിനു കുത്തിപ്പിടിച്ച് പറയുമ്പോഴും കീഴാളരാഷ്‌ട്രീയത്തിന്റെ സ്വാഭാവിക എതിരാളികളായി പ്രതിഷ്ഠിക്കുകയാണ് ഒരു തത്വശാസ്ത്രത്തെ.. അവർക്ക് അട്ടപ്പാടിയിലെ മധുവിനെ കൊന്നവന്റെ, മഹാരാജാസിലെ അഭിമന്യുവിനെ കൊന്നവന്റെ രാഷ്ട്രീയം പറയുവാൻ ഭയമാണ്.. അങ്ങിനെ ഒരു സിനിമ ചെയ്യേണ്ടിവരുമെന്നോർത്താൽ പോലും കിടക്കപ്പായ നനയ്ക്കുന്ന രാഷ്ട്രീയ ധൈര്യമാണ് ഇവർക്കുള്ളത്. അപ്പോൾ പിന്നെ കേറുക പ്രിയ സോദരാ.. പ്രതികരിക്കാത്ത പാവം സംഘപരിവാരങ്ങളുടെ നെഞ്ചത്തേക്ക്.. പക്ഷെ ഞങ്ങൾ ശുഭാപ്തി വിശ്വാസമുള്ളവരാണ് . നാളിതുവരെ നിങ്ങൾ ഞങ്ങളെ അവഗണിച്ചു.. ഇപ്പോൾ പരിഹസിക്കുന്നു.. നാളെ നിങ്ങൾ ഞങ്ങളോട് ഏറ്റുമുട്ടാൻ വരും.. നന്മകൊണ്ടും , നിസ്വാർത്ഥ സേവനമനസ്ഥിതികൊണ്ടും ഞങ്ങൾ നിങ്ങളെയും കീഴടക്കുകതന്നെ ചെയ്യും..
















Comments