പത്തനംതിട്ട: ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ കടയുടെ ലൈസൻസ് റദ്ദാക്കി. മരക്കൂട്ടത്ത് പ്രവർത്തിച്ചിരുന്ന ‘അയ്യപ്പാസ് സോഡ’ എന്ന വ്യാപാര സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഇവിടെ നിന്നും പിടിച്ചെടുത്ത സോഡയിൽ അനുവദീനിയമായതിലും അധികം അളവിൽ ബാക്ടീരയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും നൽകുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റഡ് കമ്മീഷണറുടെ നടപടി. ഈ മൊത്ത കച്ചവട സ്ഥാപനത്തിൽ നിന്നും സന്നിധാനം, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇവിടെ നിന്ന് ശേഖരിച്ച സോഡയുടെ സാമ്പിൾ തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ്‌സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വെള്ളത്തിലും ഭക്ഷ്യവസ്തുക്കളിലും ബാക്ടീരയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമായ പ്ലേറ്റ്കൗണ്ടിന്റെ ഉയർന്ന അളവാണ് പാനീയത്തിൽ കണ്ടെത്തിയത്.
സന്നിധാനം, നിലയ്‌ക്കൽ, പമ്പ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പരിശോധന ഊർജ്ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.
















Comments