ഭോപ്പാൽ: പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും വലിപ്പമേറിയ രുദ്ര വീണ തയ്യാറാക്കി ഒരു കൂട്ടം കരകൗശല വിദഗ്ധർ. 28 അടി നീളവും പത്തടി വീതിയും 12 അടി ഉയരവുമുള്ള രുദ്ര വീണയാണ് സംഘം തയ്യാറാക്കിയിരിക്കുന്നത്. പത്ത് ലക്ഷം രൂപ മുതൽമുടക്കിയാണ് അതിമനോഹരമായ ഭീമൻ രുദ്ര വീണ പണിതെടുത്തതെന്ന് നിർമ്മാതാക്കൾ പറയുന്നു.
ഏകദേശം ആറ് മാസത്തോളം സമയമെടുത്താണ് വീണയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ രുദ്ര വീണയിതാണെന്നാണ് റിപ്പോർട്ട്. ഏകദേശം അഞ്ച് ടൺ ഭാരം ഈ വീണയ്‌ക്കുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് വീണ നിർമ്മിച്ച് വച്ചിരിക്കുന്നത്.
Madhya Pradesh | A group of 15 artists in Bhopal made the model of the Indian musical instrument 'Veena' from scrap and waste material. pic.twitter.com/CKKACgmgrr
— ANI MP/CG/Rajasthan (@ANI_MP_CG_RJ) December 16, 2022
ഉപക്ഷേിക്കപ്പെട്ട വയറുകളും കമ്പികളുമെല്ലാം ഉപയോഗിച്ചാണ് വീണയുടെ ചെയിൻ, ഗിയറുകൾ, ബോൾ ബിയറിംഗ്‌സ് എന്നിവ ഒരുക്കിയിരിക്കുന്നത്. വീണ രൂപ കൽപന ചെയ്യാനും ആവശ്യമായ പാഴ്‌വസ്തുക്കൾ സ്വരൂപിക്കാനും ഒടുവിൽ പണിതുയർത്താനും 15 തൊഴിലാളികളാണ് അദ്ധ്വാനിച്ചത്. ഭോപ്പാലിലെ അടൽ പാത്ത് എന്ന സ്ഥലത്ത് വീണ സ്ഥാപിക്കുമെന്നും ആളുകൾക്ക് സന്ദർശിക്കാനും സെൽഫിയെടുക്കാനുമുള്ള അവസരം ലഭിക്കുമെന്നും നിർമ്മാതാക്കൾ പ്രതികരിച്ചു.
പാഴ്‌വസ്തുക്കളും അവശിഷ്ടങ്ങളും ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും ഇന്ത്യയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു വസ്തുവാകണം തയ്യാറാക്കേണ്ടതെന്നും നിർമ്മാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ഉപയോഗിച്ച് കളഞ്ഞ 30,000ത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ, വാഹനങ്ങളുടെ അവശിഷ്ടങ്ങൾ, ആവശ്യമില്ലാത്ത ടയറുകൾ തുടങ്ങി നിരവധി പാഴ്‌വസ്തുക്കളാണ് ഒടുവിൽ രുദ്ര വീണയായി മാറിയതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
Comments