ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ശക്തമായി അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ പൂർണമായി പിന്തുണയ്‌ക്കുകയാണെന്നും ബിലാവൽ ഭൂട്ടോയ്‌ക്ക് തക്കതായ മറുപടി നൽകണമെന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു.
ബിലാവലിന്റെ പരാമർശം അങ്ങേയറ്റം അധിക്ഷേപകരമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് അങ്ങനെ പറയാൻ ആർക്കും അധികാരമില്ല. രാഷ്‌ട്രീയപരമായി പല ആശയങ്ങളിലായിരിക്കും. പക്ഷെ ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. മോദി നമ്മുടെ പ്രധാനമന്ത്രിയും ഭൂപേഷ് ഭാഗൽ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഎൻ പരിപാടിയിൽ പങ്കെടുക്കവേയാണ് ബിലാവൽ ഭൂട്ടോ ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയത്. പാകിസ്താൻ ഭീകരവാദത്തിന്റെ പറുദീസയാണെന്നും ബിൻ ലാദന് അഭയം നൽകിയ രാജ്യമാണെന്നുമുളള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ബിലാവൽ.
ബിൻ ലാദൻ കൊല്ലപ്പെട്ടുവെന്നും എന്നാൽ ഗുജറാത്തിന്റെ കശാപ്പുകാരൻ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും ആയിരുന്നു ബിലാവലിന്റെ വാക്കുകൾ. ഇന്ത്യ ഔദ്യോഗികമായി തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഡൽഹിയിലെ പാക് ഹൈക്കമ്മീഷന്റെ മുൻപിലും ഇന്നലെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.
Comments