കൊച്ചി; ലണ്ടനിലെ നോർത്താംപ്ടൺ ഷെയറിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. സാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ അടിയന്തര ഇടപെടലിന് ഇന്ത്യൻ ഹൈക്കമ്മീഷന് നിർദേശം നൽകി.
കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ എല്ലാപിന്തുണയും കുടുംബത്തിന് ഉറപ്പുനൽകിയ മന്ത്രി സംഭവം ദൗർഭാഗ്യകരമെന്നും കാര്യങ്ങൾ വിലയിരുത്തി വരികയാണെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അഞ്ജു (39) മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കെറ്ററിംങ്ങിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എൻഎച്ച്എസിന് കീഴിലുളള കെറ്ററിംഗ് ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് വാർഡിൽ നഴ്‌സ് ആയിരുന്നു അഞ്ജു. ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുളള നടപടികളാണ് പുരോഗമിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Comments