ഇസ്ലാമാബാദ്; പാകിസ്താനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ചരടുവലി തുടങ്ങി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെഹ് രിക് ഇ ഇൻസാഫ് ഭരിക്കുന്ന ഖൈബർ പക്തൂങ്ക്വ, പഞ്ചാബ് അസംബ്ലികൾ ഡിസംബർ 23 ന് പിരിച്ചുവിടുമെന്ന് ഇമ്രാൻ പ്രഖ്യാപിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇല്ലെങ്കിൽ രാജ്യം മുങ്ങിപ്പോകുമെന്നും ഇമ്രാൻ മുന്നറിയിപ്പും നൽകി.
പഞ്ചാബ് മുഖ്യമന്ത്രി പർവേസ് ഇലാഹിയുമായും ഖൈബർ പക്തൂങ്ക്വ മുഖ്യമന്ത്രി മഹ്മൂദ് ഖാനുമായും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയ ശേഷമാണ് ഇമ്രാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ ലോംഗ് മാർച്ചിനിടയിലും ഇമ്രാൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
പാകിസ്താൻ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവരും ഭയപ്പെടുന്നു. എന്നാൽ താൻ ജീവിക്കുന്നതും മരിക്കുന്നതും പാകിസ്താനിലായിരിക്കുമെന്നും ഇമ്രാൻ പറയുന്നു. ഇരു അസംബ്ലികളും പിരിച്ചുവിടുന്നതിനൊപ്പം പാകിസ്താൻ പാർലമെന്റിലെ തെഹ് രിക് ഇ ഇൻസാഫ് അംഗങ്ങൾ രാജി അംഗീകരിപ്പിക്കാനായി സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമാക്കുമെന്നും ഇമ്രാൻ പറഞ്ഞു.
തിരഞ്ഞെടുപ്പിലൂടെ മാത്രമേ ഈ സർക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാകൂ. ആ പരാജയത്തിലൂടെ ഈ കളളൻമാർ എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടുമെന്നും ഇമ്രാൻ പറയുന്നു. കടുത്ത തീരുമാനങ്ങൾ വരുമ്പോൾ രാജ്യം ഉണരും. അത് വില ഉയരുമ്പോൾ മാത്രമല്ല. രാജ്യത്തെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്ന സംവിധാനങ്ങളെ ഉടച്ചുവാർക്കുമ്പോഴും ആ ഉണർവ് ഉണ്ടാകുമെന്ന് ഇമ്രാൻ പറഞ്ഞു.
നേരത്തെ സർക്കാരിനെതിരെ നയിച്ച ലോംഗ് മാർച്ചിനിടെ ഇമ്രാൻ ഖാന് വെടിയേറ്റിരുന്നു. ഇസ്ലാമാബാദിലെത്തി പ്രതിഷേധം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പിന്നീട് ലോംഗ് മാർച്ച് ഉപേക്ഷിക്കുകയായിരുന്നു. പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ഇമ്രാൻ സർക്കാരിനെ താഴെയിറക്കിയ ശേഷമാണ് നിലവിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അധികാരമേറ്റത്.
Comments