കോട്ടയം: തീർത്ഥാടകരെ പിഴിഞ്ഞ് പാർക്കിംഗ് ഫീസ് കൊള്ള. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിലാണ് സംഭവം. ദേവസ്വം ബോർഡ് നിശ്ചയിച്ചതിലും അധിക നിരക്കാണ് കരാറുകാർ ഈടാക്കുന്നത്. കാറിന് ദേവസ്വം ബോർഡ് നിശ്ചയിച്ച തുക 30 രൂപയാണെങ്കിലും കരാറുകാരൻ ഈടാക്കുന്നത് 40 രൂപയാണ്. 8 സീറ്റ് വാഹനത്തിന് ഒരു ദിവസം 40 രൂപയ്‌ക്ക് പകരം 50 രൂപ ഈടാക്കുന്നു.
തീർത്ഥാടകരെ കടക്കാർ ചൂഷണം ചെയ്യുന്നതിന് പിന്നാലെയാണ് പാർക്കിംഗ് ഫീസിനത്തിലും കൊള്ള നടക്കുന്നത്. സന്നിധാനത്ത് ജ്യൂസ് കടകളിലും പാത്രക്കടകളിലുമാണ് വൻ കൊള്ള നടന്നിരുന്നത്.ജ്യൂസ് കടയിൽ അളവിലും ഗുണത്തിലുമാണ് വ്യാപാരികൾ തട്ടിപ്പ് നടത്തുന്നത്. ഒരു നാരങ്ങ ഉപയോഗിച്ച് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി നൽകുന്ന കടക്കാരാണ് ശബരിമലയിലുള്ളതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കടകളിൽ നിന്ന് പോലീസ് 5,000 രൂപ വീതം പിഴ ഈടക്കി. വെട്ടിപ്പ് തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതും മജിസ്‌ട്രേറ്റ് നൽകിയിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പ് വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റ ‘അയ്യപ്പ സോഡ’ എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇവിടെ വിൽപ്പന നടത്തുന്ന സോഡയിൽ അനുവദനീയമായ അളവിലും കൂടുതൽ ബാക്ടീരിയയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി. തുർന്ന് സന്നിധാനം, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വിതരണം ചെയ്ത സോഡ തിരികെ എത്തിക്കണമെന്നും ഉത്തരവിട്ടിരുന്നു.
















Comments