ഹൈദരാബാദ്: വസുധൈവ കുടുംബകമെന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഹെൽത്ത് ആൻഡ് വെൽബീംഗ് 2022 യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം വസുധൈവ കുടുംബകമെന്നതാണ്. കേവലം ഭാരതീയർക്ക് വേണ്ടി മാത്രമല്ല ലോകജനതയെ സഹായിക്കുന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് 150 രാജ്യങ്ങളിലേക്ക് മരുന്നുകൾ അയച്ചു. വില വർധിപ്പിക്കാതെയായിരുന്നു മരുന്നുകൾ നൽകിയിരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ലോകത്തോടൊപ്പം നിൽക്കുമെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുകയാണ്. ഇന്ത്യയെ വിശ്വസിക്കാമെന്ന് ഇപ്പോൾ ലോകത്തിനറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വികസനമെന്നത് അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രം കൈവരിക്കേണ്ട ഒന്നല്ല. പൗരന്മാർ ആരോഗ്യമുള്ളവർ കൂടിയാകുമ്പോഴാണ് ഒരു രാജ്യം അഭിവൃദ്ധിപ്പെടുന്നത്. എല്ലാ ശാസ്ത്രങ്ങളും ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്നതാണ്. മെച്ചപ്പെട്ട ജീവിതശൈലി സംവിധാനം രൂപീകരിക്കാനും ശാസ്ത്രങ്ങൾ സഹായിച്ചിട്ടുണ്ട്. വിവിധ ശാസ്ത്രങ്ങളിൽ ശാരീരിക ക്ഷേമത്തെക്കുറിച്ച് ധാരാളം വിശദീകരിക്കുന്നുണ്ടെങ്കിലും മാനസിക ക്ഷേമത്തെക്കുറിച്ച് അധികം പരാമർശിക്കുന്നില്ല. മാനസികാരോഗ്യം അത്യന്താപേക്ഷിതമാണ്. അത് നിലനിർത്താൻ സാമൂഹിക ജീവിതവും കുടുംബവും ആവശ്യമാണ്. ഭാരതീയർക്ക് പൊതുവെ മഹത്തായ ജീവിതശൈലിയാണുള്ളത്. അതുകൊണ്ടുതന്നെയാകാം നമ്മുടെ ശാസ്ത്രങ്ങളിൽ മാനസിക രോഗങ്ങളെക്കുറിച്ചോ അനുബന്ധ ചികിത്സകളെക്കുറിച്ചോ ധാരാളം കാണപ്പെടാത്തത്. മാനസികരോഗങ്ങളിൽ നിന്ന് അകലം പാലിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സാമൂഹിക ജീവിതമാണ് നമ്മുക്കുള്ളതെന്നും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
കൂടുതൽ മികച്ച ആരോഗ്യ മേഖലയെ നമുക്ക് വാർത്തെടുക്കണം. നമ്മുടെ പൗരന്മാർ ആരോഗ്യമുള്ളവരാകണം. എങ്കിൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ. അത് നമ്മുടെ രാഷ്‌ട്രത്തെ സമ്പന്നമാക്കും. ആധുനിക ഇന്ത്യ ആരോഗ്യത്താൽ സമൃദ്ധമായ രാജ്യമാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Comments