ഭുവനേശ്വർ : വർഷങ്ങളായി കൂട്ടിവെച്ച പണം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത് 70 കാരിയായ യാചക. ഒരു ലക്ഷം രൂപയാണ് ഇവർ സംഭാവനയായി ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറിയത്. ഫുൽബാനി സ്വദേശിയായ തുല ബെഹ്‌റ ഭിക്ഷാടനം ചെയ്താണ് ഇത്രയും നാൾ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഇനി ഈ ലോകത്ത് തനിക്ക് ചെയ്യാൻ ഒന്നും ബാക്കിയില്ലെന്ന് പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന മുഴുവൻ പണവും ഇവർ സംഭാവനയായി നൽകുകയായിരുന്നു.
ധനു സംക്രാന്തി ദിനത്തിൽ ക്ഷേത്രം ഭാരവാഹികൾ സംഭാവന ഏറ്റുവാങ്ങി. തുടർന്ന് ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഏറെ നാളായി തെരുവുകളിലൂടെ നടന്ന് ഭിക്ഷ യാചിച്ചാണ് ഇവർ ജീവിക്കുന്നത്. ദിവ്യാംഗനായ ഭർത്താവിനോടൊപ്പമാണ് ഇവർ ഭിക്ഷാടനം നടത്തിയിരുന്നത്. എന്നാൽ അടുത്തിടെ ഭർത്താവ് മരിച്ചു. ഇതോടെ ഇവർ ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ ഇരുന്ന് ഭിക്ഷാടനം നടത്താൻ ആരംഭിച്ചു. തുടർന്ന് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ഇവർ ദത്തെടുത്തു. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരുടെ സഹായത്തോടെയാണ് ഇവർ ജീവിക്കുന്നത്.
ഏറെ കാലമായി ജഗന്നാഥ ക്ഷേത്രത്തിലേക്ക് എന്തെങ്കിലും സംഭാവന നൽകണമെന്ന് ചിന്തിക്കുന്നു എന്ന് തുല പറഞ്ഞു. ഇതിനായി പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ച് പണം സ്വരൂപീച്ച് വച്ചു. ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഒരു ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ഈ പണം ജഗന്നാഥന് നൽകാൻ ഭക്ത തീരുമാനിച്ചത്.
ജഗന്നാഥനാണ് തന്നെ സംരക്ഷിക്കുന്നതെന്നും അദ്ദേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും തുല പറഞ്ഞു. ” ജീവീതത്തിന്റെ അവസാന പാദത്തിലാണ് ഇപ്പോഴുള്ളത്. ഈ പണം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന് തോന്നി. അതിനാലാണ് ഇത് ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നത്. ഈ ഭൂമിയിലെ എന്റെ ജീവിതത്തിന്റെ ലക്ഷ്യം അവസാനിച്ചിരിക്കുകയാണ്. ജഗന്നാഥന് വേണ്ടി സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” എന്നും വൃദ്ധയായ സ്ത്രീ പറഞ്ഞു.
ഒരു പാവപ്പെട്ട സ്ത്രീയിൽ നിന്നും സംഭാവന സ്വീകരിക്കാൻ ആദ്യം ക്ഷേത്രഭരണാധികാരികൾ മടിച്ചെങ്കിലും അവരുടെ നിർബന്ധത്തെ തുടർന്ന് സമ്മതിക്കുകയായിരുന്നു. ” പണം സംഭാവന നൽകാനായി അവർ എന്നെ സമീപിച്ചപ്പോൾ ഞാൻ ഒന്ന് മടിച്ചു. എന്നാൽ അവർ നിർബന്ധിക്കുകയും ഒടുവിൽ ധനു സംക്രാന്തി ദിനത്തിൽ കമ്മിറ്റി പണം സ്വീകരിക്കുകയും ചെയ്തു” എന്ന് ക്ഷേത്രം ഭാരവാഹി പറഞ്ഞു.
















Comments