റാഞ്ചി : വനവാസി യുവതിയെ ഭർത്താവ് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി. 22 കാരിയായ റൂബിക പഹദാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. ബോറിയോ സന്താലിയിലെ അങ്കണവാടിക്ക് പിന്നിൽ നിന്ന് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ശരീര ഭാഗങ്ങൾ നായ്‌ക്കൾ ഭക്ഷിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭർത്താവ് ദിൽദാർ പിടിയിലായത്.
ദിൽദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇവർ തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഈ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ദിൽദാറിന്റെ അമ്മാവന്റെ വീട്ടിൽ വെച്ചാണ് കൊല നടന്നത് എന്നാണ് വിവരം. റൂബികയെ കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് മുറിക്കുന്ന മെഷീൻ ഉപയോഗിച്ച് ശരീരം 50 കഷ്ണങ്ങളാക്കി മുറിച്ച് വിവിധ ഭാഗങ്ങളിലായി എറിഞ്ഞ് കളയുകയായിരുന്നു.
കൈവിരൽ, തോൾ, ഒരു കൈ, ശ്വാസകോശം, വയറിന്റെ ഭാഗങ്ങൾ എന്നിവ ശനിയാഴ്ച കണ്ടെടുത്തിരുന്നു. ദിൽദാറിന്റെ ബന്ധുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമ്മാവന്റെ വീടിന്റെ ടെറസിൽ രക്തക്കറ കണ്ടെത്തി. അമ്മാവനും കൊലയിൽ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു.
ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിമൂന്നോളം ശരീരഭാഗങ്ങൾ കണ്ടെത്തിയതായാണ് വിവരം. സംഭവത്തിൽ പ്രതിയും കുടുംബവും പോലീസ് കസ്റ്റഡിയിലാണ്.
















Comments