‘ഈച്ച് സീഡ് ഈസ് സ്‌റ്റോറി ഓഫ് ലൈഫ്’
2009ല്‍ അവതാര്‍ സിനിമയിലൂടെ ജെയിംസ് കാമറൂണ്‍ ലോകത്തിന് മുന്നില്‍ വെച്ച സുപ്രധാന സന്ദേശം ഇതായിരുന്നു. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും നാനാജാതി സസ്യജാലങ്ങളും കൂടി ഈ ഭൂമിയുടെ അവകാശികളാണ് എന്ന സന്ദേശം. പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യര്‍ക്ക് അവയുമായി നിലനില്‍ക്കുന്ന അതിശക്തമായ ബന്ധവും അതിനെ തകര്‍ത്തു ലാഭംകൊയ്യാന്‍ ശ്രമിക്കുന്ന കച്ചവട കണ്ണുകളും തമ്മിലുള്ള യുദ്ധമാണ് ആദ്യ പകുതിയിലെ പോലെ രണ്ടാം ഭാഗത്തും കാമറൂണ്‍ വരച്ചിടുന്നത്.
ആദ്യ ഭാഗം ഘോര വനാന്തരങ്ങളിലെ മായക്കാഴ്ചകളാല്‍ സമ്പന്നമായിരുന്നുവെങ്കില്‍ രണ്ടാം ഭാഗം ജല ജാലവിദ്യകളാല്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.
തന്റെ കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടി കാട്ടില്‍ നിന്ന് കടലിലേക്ക് പറിച്ചു നടപ്പെടേണ്ടി വരുന്ന ജേക്ക് സുള്ളിയും നെയ്ടിരിയും മക്കളും അവര്‍ നേരിടുന്ന അനുഭവങ്ങളും അതിജീവനവും എല്ലാം മനോഹരമായ വിഷ്വലുകളാല്‍ സമ്പന്നമാണ്. കേവലം സാങ്കേതിക വിദ്യകളുടെ പെരുമാറ്റം എന്നതിലപ്പുറം ദുര മൂത്ത മനുഷ്യ വര്‍ഗ്ഗത്തിന്റെ കഥ തന്നെയാണ് രണ്ട് ഭാഗങ്ങളിലായി കാമറൂണും സംഘവും അനാവരണം ചെയ്യുന്നത്.
അമൂല്യ ധാതുവായ അനാബ്റ്റാനിയത്തിനു വേണ്ടിയാണ് അവതാര്‍ ഒന്നാം ഭാഗത്തിലെ മനുഷ്യരുടെ പ്രയത്‌നം. നാവി കുലം അധിവസിക്കുന്ന പണ്ടോറയില്‍ അവര്‍ നടത്തിയ യുദ്ധം പരാജയപ്പെടുമ്പോള്‍, രണ്ടാം ഭാഗത്തിലെ യുദ്ധത്തിന് വേദിയാകുന്നത് മെറ്റ്‌കൈന ഗോത്രം അധിവസിക്കുന്ന കടലിലാണ്. തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി,പണ്ടോറയിലെ തന്റെ വംശത്തെ സംരക്ഷിക്കാന്‍ വേണ്ടി ജേക്ക് തിരഞ്ഞെടുക്കുന്നത് മെറ്റ്‌കൈനകളുടെ കൂടാരത്തെയാണ്.
ഒന്നാം ഭാഗത്തില്‍ നിബിഢവനത്തിന്റെ മായക്കാഴ്ചകളായിരുന്നുവെങ്കില്‍ രണ്ടാം ഭാവത്തില്‍ അതിനേക്കാള്‍ ഒരുപാടിരട്ടി കാഴ്ചകളാണ്. അനന്തമായ ദൃശ്യഭംഗി ആധുനിക ലോകത്ത് സാധിക്കാവുന്ന പരമാവധി നിലവാരത്തില്‍ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പലപ്പോഴും ശ്വാസം മുട്ടുന്ന അനുഭവം പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി തീരെയില്ല.
കാഴ്ചകള്‍ കൊണ്ട് അതിസമ്പന്നമായ ചിത്രം പക്ഷെ 3 മണിക്കൂര്‍ 12 മിനിറ്റുകളുടെ ദീര്‍ഘമായ ക്യാന്‍വാസില്‍ ആയത് കൊണ്ട് ഇടക്കൊക്കെ അല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. വി എഫ് എക്‌സ്, സംഗീതം, ഛായാഗ്രഹണം ഇവയൊക്കെ അനിതരസാധാരണമായ നിലവാരത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിന്റെയെല്ലാം പൂര്‍ണ്ണത 3ഡി യില്‍ തന്നെ ആസ്വദിക്കുന്നതാണ് പ്രേക്ഷകര്‍ക്ക് അഭികാമ്യം.
ഗോത്രവര്‍ഗ്ഗങ്ങളും പ്രകൃതിയും ജീവജാലങ്ങളുമായിട്ടുള്ള ഇഴയടുപ്പവും അതിന്റെ സൗന്ദര്യവും ഏറ്റവും ഹൃദയസ്പര്‍ശിയായ രീതിയില്‍ നാനാവിധമായ കാഴ്ചകളിലൂടെ,സമയങ്ങളിലൂടെ, സംഘര്‍ഷങ്ങളിലൂടെ,ഒടുവില്‍ അതിജീവനങ്ങളിലൂടെ സംവിധായകന്‍ വരച്ചിടുമ്പോള്‍ കാടും കടലും പ്രകൃതിയുമൊക്കെയായി യഥാര്‍ത്ഥ മനുഷ്യര്‍ക്കുള്ള ബന്ധത്തിന്റെ വ്യാപ്തി തെളിഞ്ഞു നില്‍ക്കുന്നു. അതിനെ തകര്‍ക്കാന്‍ ഒരു ശക്തികള്‍ക്കുമാവിലെന്ന ശക്തമായ സന്ദേശം തന്നു കൊണ്ട് മൂന്നാം ഭാഗത്തിന്റെ സൂചന കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് അവതാര്‍ -ദി വേ ഓഫ് വാട്ടര്‍ അവസാനിക്കുന്നത്.
















Comments