കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേയ്‌ക്ക് കാലെടുത്ത് വയ്‌ക്കുന്നത്. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ, ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയ അനുഭവം പങ്കുവയ്‌ക്കുകയാണ് നടി ഭാവന. 20 വർഷം മുമ്പ് ‘നമ്മൾ’ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നുവെന്ന് നടി പറയുന്നു.
നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ചതിന് ശേഷം നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തി നിൽക്കുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനെയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഇന്നും ഓരോ സിനിമയെയും സമീപിക്കുന്നതെന്നും ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഭാവനയുടെ കുറിപ്പിന്റെ പൂർണ്ണരൂപം,
‘ഇരുപത് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് ‘നമ്മൾ’ എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് ഞാൻ നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാൻ ‘പരിമളം’ആയി തീർന്നു (എന്റെ കഥാപാത്രത്തിന്റെ പേര്). തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞതെല്ലാം ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ അന്നൊരു കുട്ടിയായിരുന്നു. ആ വേഷം എന്ത് തന്നെ ആയാലും ഞാൻ അത് ചെയ്തു. ഇന്ന് എനിക്കറിയാം, എനിക്ക് അന്ന് ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നു എന്ന്. അങ്ങനെ നിരവധി വിജയങ്ങൾ, നിരവധി പരാജയങ്ങൾ, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തി എടുത്തത്. ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെത്തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഞാനാക്കിയ എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയുമാണ് ഞാൻ യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ, നിങ്ങളെ ഞാൻ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ പുഞ്ചിരിയും അമൂല്യമാണ്, അതും ഞാൻ മിസ് ചെയ്യുന്നു. ചിത്രങ്ങൾക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി’ എന്നാണ് ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
















Comments