ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഭക്ഷ്യവിഷബാധയേൽക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഇടയ്‌ക്കിടെ ലഭിക്കുന്ന പണിയാണ് ഭക്ഷ്യവിഷബാധ. വയറിളക്കം, ഛർദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ ഇതിന് കഴിയും. ചില പൊടിക്കൈകളിലൂടെ ഭക്ഷ്യവിഷബാധ പൂർണ്ണമായും ഭേദമാക്കുകയോ, സങ്കീർണ്ണതകൾ ഒഴിവാക്കുകയോ ചെയ്യാം.
ബാക്ടീരിയ ആയ സാൽമൊണല്ലയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്. മുട്ട, മയോണൈസ്, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് പ്രധാനമായും ഇവ ശരീരത്തിൽ എത്തുന്നത്. തലവേദന, പനി, ക്ഷീണം, അടിവയർവേദന, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ.
ഉദരസംബന്ധമായ, പ്രത്യേകിച്ച് ദഹന പ്രശ്‌നങ്ങൾക്കുള്ള ഉത്തമ ഔഷധമാണ് വെളുത്തുള്ളി. ഭക്ഷ്യവിഷബാധയകറ്റാനും വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞെടുത്ത് വെറുതെ ചവച്ച് അതിന്റെ നീര് വിഴുങ്ങുക. വേണമെങ്കിൽ വെളുത്തുള്ളി, കുറച്ച് തേനിൽ മുക്കിയും കഴിക്കാം. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള വയറുവേദനയ്‌ക്ക് വെളുത്തുള്ളി കഴിക്കുന്നത് ശമനം നൽകും.
ഭക്ഷ്യവിഷബാധയേറ്റാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് നന്നായിരിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത് കഴിക്കാം. ഇതിനൊപ്പം തേൻ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും.
പല അസുഖങ്ങൾക്കുമുള്ള ഔഷധമാണ് തുളസി. ഭക്ഷ്യവിഷബാധ തടയുന്നതിനും തുളസി ഉപയോഗിക്കാം. തുളസി ഇല ചതച്ച് നീര് പിഴിഞ്ഞ് എടുക്കുക. ഇതിൽ അൽപ്പം തേൻകൂടി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഒരു ദിവസം നാലോ അഞ്ചോ തവണ ഇത് കഴിക്കാം. ഒരു ഏലക്കയും, തുളസി ഇലയും ഒപ്പം വായിലിട്ട് ചവയ്‌ക്കുന്നതും നല്ലതാണ്.
ഇഞ്ചിച്ചായയിൽ തേൻ ചേർത്ത് കഴിക്കുന്നതും ഭക്ഷ്യവിഷബാധയ്‌ക്ക് ഏറെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് മികച്ച ഒറ്റമൂലിയാണ് ഇഞ്ചി. ദിവസേന മൂന്ന് തവണയെങ്കിലും ഇഞ്ചി ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
Comments