തിരുവനന്തപുരം: സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പണിമുടക്കി വെബ്സൈറ്റ്. കൂടുതൽ ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചതോടെയാണ് വെബ്സൈറ്റ് നിശ്ചലമായത്.തകരാർ ഉടൻ പരിഹരിക്കുമെന്ന് പിആർഡി വകുപ്പ് അറിയിച്ചിട്ടുണ്ട്.
പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടം ഇന്ന് രാവിലെയോടെയാണ് സർക്കാരിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഭൂപടം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ജനങ്ങൾക്ക് വെബ്സൈറ്റിൽ രേഖപ്പെടുത്താമെന്നും അതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റുകൾ തകരാറിലായത്.
2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഭൂപടം ഉടൻ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം. ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ ഇന്ന് തദ്ദേശ വകുപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ഇതിലൂടെ വാർഡ് തല സമിതിയുടെ പ്രവർത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്തത വരുത്തും.
ഉപഗ്രഹ സർവേ റിപ്പോർട്ടിനെക്കാൾ കാര്യങ്ങൾ വ്യക്തതയുള്ള റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിക്കുമെന്നതിൽ സർക്കാരിന് വ്യക്തതയില്ല . ഈ റിപ്പോർട്ടും ഉപഗ്രഹ സർവേ റിപ്പോർട്ടും ഒപ്പം ഫീൽഡ് സർവേ റിപ്പോർട്ടും ഒരുമിച്ച് ജനുവരി 11 ന് ഉള്ളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
Comments