ന്യൂഡൽഹി: ചൈനയിലെ കൊവിഡ് സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ കഴിഞ്ഞ കാലങ്ങളിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സർവസജ്ജമായിരുന്നു. ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ ആ ദൗത്യം തുടരാൻ രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.
യാത്രാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾ നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അതത് രാജ്യങ്ങളിലെ പ്രാദേശിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, കൊറോണയുടെ ബി എഫ് 7 ഉപവകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ആരംഭിച്ചു. നിലവിലെ ആശങ്കാജനകമായ അന്താരാഷ്‌ട്ര സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ മൻസുഖ് മാണ്ഡവ്യ മുതിർന്ന ഉദ്യോഗസ്ഥരുമായും ആരോഗ്യ വിദഗ്ധരുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments