കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം കൊച്ചിയിൽ ഇന്ന്. ഐപിഎല്ലിന് സ്വന്തം ടീമില്ലാത്ത ഒരു നഗരത്തിൽ ലേലം ആദ്യമായി നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണ കൊച്ചിക്ക് സ്വന്തമായിരിക്കുന്നു. റിലയൻസ് ഗ്രൂപ്പടക്കം പ്രമുഖ ഫ്രാഞ്ചൈസി ഉടമകളെല്ലാം കൊച്ചിയിൽ എത്തിയതായി സംഘാടകർ അറിയിച്ചു.
ബോൾഗാട്ടി ഹോട്ടൽ ഹയാത്തിലാണ് ലേലം നടക്കുന്നത്. ഉച്ചയ്‌ക്ക് 2,.30 മുതൽ രാത്രി 10 മണിവരെ ലേലം നീളുമെന്നാണ് സൂചന. ഐപിഎൽ ടീമുകൾ ഇതിനോടകം 743.5 കോടിയാണ് നിലവിലുള്ള താരങ്ങൾക്കായി മുടക്കിയിരിക്കുന്നത്. ശേഷിക്കുന്ന 206.5 കോടി രൂപമാത്രമേ ചിലവാക്കാൻ 10 ടീമുകൾക്ക് അനുവാദമുള്ളു. തുക കൂടുതലായി മിച്ചം പിടിച്ചിരിക്കുന്ന ടീം 42.25 കോടി കൈവശമുള്ള സൺറൈസേഴ്‌സ് ഹൈദരാബാദാണ്. ഏറ്റവും കുറവ് ശേഷിക്കുന്നത് 7.05 രൂപ കൈവശമുള്ള കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. മുംബൈ ഇൻഡ്യൻസ്(20.55), ചെന്നൈ സൂപ്പർ കിംഗ്‌സ്(20.45), ഡൽഹി കാപ്പിറ്റൽസ്(19.45), രാജസ്ഥാൻ റോയൽസ്(13.2), ലക്‌നൗ സൂപ്പർ ജയന്റ്‌സ്(23.35), ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്(8.75), ഗുജറാത്ത് ടൈറ്റൻസ്(19.25), പഞ്ചാബ് കിംഗ്‌സ്(32.20) എന്നിങ്ങനെയാണ് താരങ്ങളെ കയ്യിലാക്കാൻ ടീമുകളുടെ കയ്യിൽ അവശേഷിക്കുന്നത്.
ലോകോത്തര താരങ്ങൾക്കൊപ്പം 10 മലയാളികളും വമ്പൻ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികൾക്കായി കാത്തി രിക്കുന്നു. ഐപിഎല്ലിൽ നിറഞ്ഞു നിൽക്കുന്ന സഞ്ജു സാംസണിന്റേയും ദേവ്ദത്ത് പടിക്ക ലിൻറേയും പിന്നാലെ മികച്ച ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് രോഹൻ കുന്നുമല ടക്കമുള്ള യുവ കേരള താരങ്ങൾ. 405 താരങ്ങളിൽ നിന്നുള്ളവരെയാണ് പത്തു ഫ്രാഞ്ചൈ സികൾക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാൻ അവസരം ലഭിക്കുക.
വിദേശ താരങ്ങളായ ബെൻ സ്റ്റോക്സ്, സാം കറൻ, കാമറൂൺ ഗ്രീൻ, നിക്കോളാസ് പൂരൻ, റിലീ റൂസോ എന്നിവർ ശ്രദ്ധാകേന്ദ്രമാണ്. ഇവർക്കൊപ്പം ദേശീയ താരം മായങ്ക് അഗർവാളും ഹാരിസ് ബ്രൂക്കും പ്രധാന ടീമുകൾ സ്വന്തമാക്കാൻ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസൺ വരെ മുംബൈയിൽ തിളങ്ങിയ പൊള്ളാർഡും ചെന്നൈയുടെ വിജയ ശില്പി കളിലൊരാളായിരുന്ന ഡെയ്ൻ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാർ ആരാകും എന്നതും ഇന്നറിയാം.
ലേലത്തറയിൽ ടീമുകൾക്ക് മുന്നിലേയ്‌ക്ക് വരുന്നതിൽ 61 പേർ മികച്ച ബാറ്റർമാരാണ്. 155 ഓൾറൗണ്ടേഴ്‌സും 58 വിക്കറ്റ് കീപ്പർമാരും 131 ബൗളർമാരും ഭാഗ്യവിളികൾക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികൾക്കായി കാത്തുനിൽക്കുന്നതിൽ പത്തുപേർ മലയാളികളാണ്. അതിൽ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎൽ പട്ടികയിലെത്തി എന്നതാണ്. നായകൻ റിസ്വാനും ബാസിൽ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തിൽ ഐപിഎല്ലിലേയ്‌ക്ക് എത്തുന്നത്.ഇവർക്കൊപ്പം വൃത്യു അരവിന്ദ്, കാർത്തിക് മെയ്യപ്പൻ, അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്കപ്പെട്ടവരിലുണ്ട്.
















Comments