ഡല്‍ഹി: കൊറോണ കാലത്ത് നരേന്ദ്രമോദി സർക്കാർ ആരംഭിച്ചതാണ് രാജ്യത്തെ സൗജന്യ റേഷന്‍ വിതരണ പദ്ധതി. പിന്നീട് അത് തുടർന്നു വന്നു. ഇപ്പോൾ, സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് സൗജന്യ റേഷന്‍ വിതരണ പദ്ധതി തുടരാന്‍ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷൻ സൗജന്യമാക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയാണ് ചിലവ് വരുന്നത്. ഈ തുക മുഴുവൻ കേന്ദ്രം വഹിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, നിലവിൽ ഒരാൾക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ കിലോയ്‌ക്ക് 2-3 രൂപ നിരക്കിൽ സർക്കാർ നൽകുന്നു.
അന്ത്യോദയ അന്ന യോജനയിൽ(AAY) ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. പാവപ്പെട്ടവർക്ക് ഗോതമ്പ് 2 രൂപയ്‌ക്കും നൽകുന്നു. 81.35 കോടിയില്‍പ്പരം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് 2020-ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(PMGKAY) എന്ന പേരില്‍ നടപ്പിലാക്കി വരുന്നത്. ഒരു വ്യക്തിക്ക് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി പ്രകാരം ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്.
Comments