കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പൂർണ അവധിയിലല്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജൻ. സജീവരാഷ്‌ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ലെന്നും നിരാശ തോന്നാത്ത മനുഷ്യരുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയാവാനും പിബി അംഗമാകാനും യോഗ്യതയില്ല. അതിനുള്ള പ്രാപ്തിയുമില്ല, പ്രായം കൂടിവരികയാണെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇപി ജയരാജന്റെ ഈ പ്രതികരണം.
അതേസമയം ഇപിക്കെതിരെ പി ജയരാജൻ ഉന്നയിച്ച സാമ്പത്തികാരോപണം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ മുന്നിലേക്കെത്തുമെന്നാണ് വിവരം. തിങ്കളും ചൊവ്വയും ചേരുന്ന പിബി പ്രശ്‌നം പരിശോധിക്കും.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് പി ജയരാജൻ, കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി, കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് പ്രധാന ആരോപണം. ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പി.ജയരാജന്റെ മകനും ഭാര്യ പികെ നന്ദിനിയും റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളാണെന്നും പി ജയരാജൻ ആരോപിക്കുന്നു. ഇപിക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
















Comments