പാലക്കാട്: ഇ.പി ജയരാജനെതിരായ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാണ്. ഇതിനിടെ, നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണത്തിന് തയ്യാറാകുമോ എന്ന് ചോദിക്കുകയാണ് കോൺഗ്രസ് നേതാവ് വി. ടി ബൽറാം. പഴയ ഒരു ടിവി അഭിമുഖം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബൽറാം രംഗത്തെത്തിയിരിക്കുന്നത്.
ഒരു പ്രമുഖന്റെ മകൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ബൽറാം ചില ചോദ്യങ്ങൾ സിപിഎമ്മിനോട് ചോദിക്കുന്നു. 100 കോടിയിൽപ്പരം സ്വത്തുണ്ടെന്ന ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന്റെ പകുതിപോലുമില്ലെന്നാണ് ഒരു പ്രമുഖന്റെ മകളുടെ മറുപടി. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തെപ്പറ്റിയും സിപിഎം അന്വേഷിക്കുമോ എന്ന് ബൽറാം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
ബൽറാമിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്,
ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്.
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?
Comments