ഉയരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ.. ആവശ്യത്തിന് ഉയരമില്ലെന്ന് വിഷമിച്ചാണോ നിങ്ങൾ നടക്കുന്നത്? എങ്കിലിത് വായിക്കൂ..
ലോകത്തെ ദശലക്ഷക്കണക്കിന് വരുന്ന ആളുകൾ ആഗ്രഹിക്കുന്നത് ആവശ്യത്തിന് ഉയരം വേണമെന്നാണ്. നല്ല ഭക്ഷണക്രമീകരണവും വ്യായാമവും ശീലമാക്കിയാൽ ആഗ്രഹിക്കുന്ന ഉയരം നേടിയെടുക്കാൻ ഒരു പരിധി വരെ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 18 വയസ് പൂർത്തിയായാലും ഒരാൾക്ക് ഉയരം കൂട്ടാൻ കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
നമ്മുടെ ഉയരം എത്ര വേണമെന്നതിനെ ചില ഘടകങ്ങൾ നേരിട്ട് സ്വാധീനിക്കും. ജനിതക ഘടന, ജീവിതശൈലി, ദിവസേന കഴിക്കുന്ന ആഹാരം എന്നിവയെല്ലാം ഉയരത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്. ഉയരത്തിന്റെ 60-80 ശതമാനം വരെ നിർണയിക്കുന്നത് ജീനുകളാണ്. എന്നാൽ ശേഷിക്കുന്നത് നമ്മുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കും. മിക്കവരും പ്രായപൂർത്തിയാകുന്നതുവരെയാണ് ഉയരം വയ്‌ക്കുക. സ്ത്രീകളിൽ 16 വയസ് വരെയും പുരുഷന്മാരിൽ 19 വയസ് വരെയും ഉയരം വച്ചേക്കാം. 18 വയസിന് ശേഷവും ആഗ്രഹിക്കുന്ന പൊക്കം നിങ്ങൾക്ക് വന്നിട്ടില്ലെങ്കിൽ ചില ശീലങ്ങളിലൂടെ അൽപം കൂടി ഉയരം നേടിയെടുക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
സമീകൃതമായ ആഹാരം കഴിക്കുക
ധാരാളം വിറ്റമിനുകളും ധാതുക്കളും അടങ്ങിയ ആഹാരം കൗമാരപ്രായത്തിൽ കഴിക്കാൻ ശ്രമിക്കണം. ഇത് ഉയരത്തെ മാത്രമല്ല, നമ്മുടെ ആന്തരിക അവയവങ്ങളുടെ വളർച്ചയെയും ത്വരിതപ്പെടുത്തുന്നതാണ്. ശക്തമായ എല്ലുകളുണ്ടാകാൻ വിറ്റമിൻ ഡിയും കാത്സ്യവും അന്ത്യന്താപേക്ഷിതമാണ്. സീസൺ അനുസരിച്ച് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കുന്നതും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യും. ഇതുവഴി നീളവും ബലവുമുള്ള എല്ലുകൾ രൂപപ്പെടുന്നതാണ്. തൽഫലമായി പൊക്കവും വയ്‌ക്കും.
പുകവലിക്കരുത്
പുകവലിക്കുന്നത് മൂലം നിങ്ങളുടെ വളർച്ച മാത്രമല്ല മുരടിച്ചുപോകുന്നത്. നിങ്ങളുടെ ചുറ്റുമുള്ളവരുടെ ശരീരത്തിന്റെ വികാസത്തെയും പുകവലി ബാധിക്കും. പുകവലിക്കുന്ന അമ്മമാരുടെ കുട്ടികളിലും പുകവലിക്കാത്ത മാതാപിതാക്കളുടെ മക്കളിലും നടത്തിയ സർവ്വേ പ്രകാരമാണ് ഇക്കാര്യം തെളിഞ്ഞത്. ദിവസേന പത്തോ അതിലധികമോ സിഗരറ്റുകൾ വലിക്കുന്ന അമ്മമാരുടെ കുട്ടികളേക്കാൾ ഉയരം, പുകവലി ശീലമല്ലാത്ത വീട്ടിലെ കുട്ടികൾക്കുണ്ടെന്ന് കണ്ടെത്തി. സിഗരറ്റിലെ നിക്കോട്ടിൻ എന്ന ഘടകമാണ് വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നത്.
ആവശ്യത്തിന് ഉറങ്ങുക
കൗമാര പ്രായത്തിൽ ശരിയായ വിധം ഉറക്കം ലഭിച്ചില്ലെങ്കിലും വളർച്ചയെ ബാധിക്കുന്നതാണ്. ശരീരത്തിന് ആവശ്യമായ പല ഹോർമോണുകളും ഉറങ്ങുമ്പോൾ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നതാണ്. വേണ്ടുവോളം ഉറങ്ങിയില്ലെങ്കിൽ പ്രസ്തുത ഹോർമോണുകളുടെ എണ്ണത്തിൽ കുറവ് വരുന്നു. ഇത് വളർച്ചയെയും ഉയരത്തെയും ബാധിക്കും.
Comments