ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരിയെ വെടിവച്ച് കൊന്നു. ബംഗാളിലെ ഹൗറയിലാണ് സംഭവം. മോഷണശ്രമം ചെറുക്കുന്നതിനിടയിലാണ് നടിക്ക് വെടിയേറ്റത്. കൊൽക്കത്തയിലേക്കു കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു സംഭവം.
ഭർത്താവും സിനിമ നിർമ്മാതാവുമായ പ്രകാശ് കുമാർ, 2 വയസുള്ള മകൾ റിയയോടൊപ്പം എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്‌ക്കിടെ സംഘം ബഗ്നാൻ ഭാഗത്ത് കാർ നിർത്തി പുറത്തിറങ്ങി. ഈ സമയം സ്ഥലത്തെത്തിയ മൂന്നംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ നടി റിയ ശ്രമിക്കുന്നതിനിടയിലാണ് അവർക്ക് വെടിയേറ്റത്. ഇതോടെ മോഷണസംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് മൂന്ന് കിലോമീറ്ററോളം കാറോടിച്ച് പോയാണ് റിയയുടെ ഭർത്താവ് നാട്ടുകാരെ കണ്ടെത്തി സഹായം അഭ്യർത്ഥിച്ചത്. എന്നാൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും നടി മരണപ്പെട്ടിരുന്നു.
സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും റിയയുടെ ഭർത്താവിനെ ചോദ്യം ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി. പ്രകാശ് സഹായം ചോദിച്ച നാട്ടുകാരെ ഉടൻ ചോദ്യം ചെയ്യും. കാർ ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചെന്നും പോലീസ് കൂട്ടിച്ചേർത്തു.
Comments