കൊച്ചി: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. വിമാനം ഓടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ പോയതാണെന്ന് അദ്ദേഹം പറഞ്ഞു. കോക്പിറ്റ് എന്ന് പറയുമ്പോൾ കോർപിറ്റ് എന്നാണ് താൻ കേൾക്കുന്നത്. അതെന്താണ് എന്ന് നോക്കാനാണ് പോയതെന്നാണ് നടൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് തനിക്ക് വലിയ ഉറപ്പില്ല. കാരണം അത്രയും വലിപ്പമുള്ള സാധനമാണ് അവർ പൊക്കുന്നത്. കോക്പിറ്റൽ കാണാൻ ചെന്നപ്പോൾ ആരെയും കണ്ടില്ല. അല്ലെങ്കിൽ ഏത് സമയവും കോക്പിറ്റിനുള്ളിലാണ്. അവിടെ ഒരു എയർഹോസ്റ്റസിനെയും കണ്ടില്ല. അതോടെ ആകെ ദേഷ്യം വന്നെന്ന്’ നടൻ പറയുന്നു.
ഡിസംബർ പത്തിനാണ് ദുബായിൽ നിന്ന് കൊച്ചിയിലെക്ക് യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ ഫ്ളൈറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോയെ ഇറക്കി വിട്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധികൃതർ നടനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ നടനെ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മറ്റൊരു ഫ്ളൈറ്റിൽ കൊച്ചിയിൽ എത്തുകയും ചെയ്യുകയായിരുന്നു.
Comments