ന്യൂഡൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ഡൽഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഉമർ ഖാലിദ് ജയിലിൽ പോകുന്നതിൽ ഖേദം പ്രകടിപ്പിച്ച് നിരവധി ഇടത് റിബലുകളും അർബൻ നക്സലുകളും രംഗത്ത് വന്നു.
ധീരനായ യുവാവ് എന്നാണ് നടി സ്വര ഭാസ്കർ ഉമർ ഖാലിദിനെ വിശേഷിപ്പിച്ചത്. ഖാലിദിനെ വീണ്ടും ജയിലിലടയ്‌ക്കുന്നത് അനീതിയാണെന്ന് സ്വര ട്വീറ്റ് ചെയ്തു. സ്വര ഭാസ്കറുടെ കോടതിവിരുദ്ധ പരാമർശങ്ങൾക്കെതിരെ നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി.
ആക്ടിവിസ്റ്റ് ഖാലിദ പർവീൺ, ചലച്ചിത്രകാരൻ ഒനീർ, മാദ്ധ്യമ പ്രവർത്തകൻ സാഹിൽ റിസ്വി എന്നിവർ ഉമർ ഖാലിദിനെ പ്രകീർത്തിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ രംഗത്ത് വന്നു. നല്ല ഭക്ഷണവും വിനോദങ്ങളുമായി തങ്ങൾക്കൊപ്പം ഒരാഴ്ച ചിലവഴിച്ച ഉമർ ഖാലിദിന് ‘താത്വികമായ‘ ബൂസ്റ്റർ ഡോസ് നൽകാൻ തനിക്ക് സാധിച്ചുവെന്ന് ജ്യോത്സന ബാനു ട്വീറ്റ് ചെയ്തു.
2020 ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം അരങ്ങേറിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 700 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യുഎപിഎ സെക്ഷൻ 13, 16, 17, 18, ആയുധ നിയമത്തിലെ 25, 27 വകുപ്പുകൾ, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ 3,4 വകുപ്പുകൾ എന്നിവയാണ് ഉമർ ഖാലിദിനെതിരെ എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരുന്നത്.
അർബൻ നക്സൽ നേതാക്കളായ ദേവാംഗന കലിത, നടാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി അസിഫ് ഇഖ്ബാൽ താന, ഗുൽഫിഷ ഫാത്തിമ, മുൻ കോൺഗ്രസ് കൗൺസിലർ ഇഷ്രത് ജഹാൻ, ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ശദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, മുഹമ്മദ് സലീം ഖാൻ, അതർ ഖാൻ, ഷർജീൽ ഇമാം തുടങ്ങിയവരും ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതികളാണ്.
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി കോടതി തള്ളിയിരുന്നു. ഉമർ ഖാലിദ് പങ്കെടുത്ത യോഗങ്ങളിൽ കലാപ ഗൂഢാലോചന നടന്നതായി കോടതി നിരീക്ഷിച്ചു. കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ പിന്നീട് ഉമർ ഖാലിദിന് ജാമ്യം ലഭിച്ചുവെങ്കിലും, ഗുരുതരമായ മറ്റ് കേസുകളിൽ വിചാരണ തുടരുന്നതിനാൽ ഇയാൾക്ക് പുറത്തിറങ്ങാനാവില്ല.
















Comments