നടൻ നിവിൻ പോളിയുടെ ശരീരവും തടിയും ഒരു സമയത്ത് വലിയ ചർച്ചയായിരുന്നു. തടിച്ചുവീർത്ത് എന്തൊരു കോലമാണെന്ന് പറഞ്ഞ് ആരാധകർ ഉൾപ്പെടെ ബോഡി ഷെയ്മിംഗ് നടത്തിയെന്നതാണ് സത്യം. നിവിന്റെ ലുക്ക് എപ്രകാരമാകണമെന്ന് നിശ്ചയിക്കുന്നത് നിവിൻ തന്നെയാണെന്ന ബോധ്യം ഉണ്ടായിട്ടുപോലും അദ്ദേഹത്തെ പരിഹസിക്കാൻ മുന്നിട്ടിറങ്ങിയവരാണ് ഭൂരിഭാഗം മലയാളികളും.
വിമർശനങ്ങൾ ഒരുവശത്ത് പുരോഗമിച്ചുവെങ്കിലും അതുകേട്ട് തടികുറയ്‌ക്കാനോ വിഷമിച്ചിരിക്കാനോ തയ്യാറായിരുന്നില്ല നിവിൻ. തന്നെ തേടി വന്ന സിനിമകളിലും അഭിമുഖങ്ങളിലുമെല്ലാം നിവിൻ അതേ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും തോത് കുറഞ്ഞു. ആ എന്തെങ്കിലുമാകട്ടെ എന്ന ചിന്തയായി പരിഹാസ ടീമുകൾക്ക്. എന്നാൽ ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചുകൊണ്ട് പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ നിവിൻ.
തടി കുറച്ച് മെലിഞ്ഞ നിവിനെ കണ്ട് സംഗതിയെന്താണെന്നറിയാതെ സ്തംഭിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പലരും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നിവിൻ മേക്ക് ഓവർ നടത്തിയതെന്നാണ് വിവരം. രണ്ട് മാസം കൊണ്ടാണ് രൂപമാറ്റം നടത്തിയതെന്നും സൂചനയുണ്ട്.
താരത്തെ പരിഹസിച്ചവർക്കും ഡീഗ്രേഡ് ചെയ്തവർക്കുമുള്ള മറുപടിയെന്ന തരത്തിലാണ് നിവിന്റെ പുതിയ ചിത്രങ്ങൾ പലരും പങ്കുവയ്‌ക്കുന്നത്. നിവിന്റെ അടുത്ത സുഹൃത്തും നടനും നിർമ്മാതാവുമായ അജു വർഗീസും താരത്തിന്റെ രൂപമാറ്റ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ലുക്ക് കണ്ട് നടൻ രാം ചരണാണെന്ന് തെറ്റിദ്ധരിച്ച് പോയെന്നും പോസ്റ്റിന് താഴെ കമന്റുകൾ ഉയരുകയാണ്.
Comments