ആധാറിലെ വിലാസം മാറ്റാൻ ഇനി ഔദ്യോഗിക രേഖകൾ ഒന്നും തന്നെ ഹാജരാക്കേണ്ടതില്ല. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിക്കുന്നത് അനുസരിച്ച് ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ മാറ്റാം.
മൈ ആധാർ പോർട്ടലിലൂടെ ഇത് ചെയ്യാവുന്നതാണ്. ഇതിനാവശ്യമായ ഏക കാര്യം നിങ്ങളുടെ കുടുംബനാഥന്റെ അഥവാ കുടുംബനാഥയുടെ (ഹെഡ് ഓഫ് ദ ഫാമിലി- എച്ച്ഒഎഫ്) അനുമതി മാത്രമാണ്. 18 വയസിന് മുകളിലുള്ള ആർക്കും എച്ച്ഒഎഫ് ആകാൻ സാധിക്കും.
വിലാസം മാറ്റുന്നതിനായി പ്രസ്തുത വ്യക്തിയും കുടുംബനാഥനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ ആവശ്യമാണ്. റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കേറ്റ്, പാസ്‌പോർട്ട് തുടങ്ങി രണ്ട് പേരുടെയും പേര് പരാമർശിക്കുന്ന എന്തുരേഖയും തെളിവായി സമർപ്പിക്കാം. വിലാസം മാറ്റുന്നതിനായി അപേക്ഷിക്കുമ്പോൾ എച്ച്ഒഎഫിന് ഒരു ഒടിപി നമ്പർ ലഭിക്കും. ഇത് വേരിഫൈ ചെയ്യുകയും വേണം.
രണ്ട് പേരും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി രേഖ നൽകാൻ കഴിഞ്ഞില്ലെങ്കിൽ കുടുംബനാഥന്റെ സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയാകും. UIDAI നിർദേശിക്കുന്ന മാതൃക പ്രകാരമാകണം സത്യവാങ്മൂലം തയ്യാറാക്കേണ്ടത്. തുടർന്ന് മൈ ആധാർ പോർട്ടൽ വഴി മേൽവിലാസം തിരുത്തുകയോ മാറ്റുകയോ ചെയ്യാം.
Comments