കണ്ണൂർ: 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കണ്ണൂർ ഒന്നാമത്. 232 പോയിന്റുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്. ആതിഥേയരായ കോഴിക്കോട് 226 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 221 പോയിന്റുമായി കൊല്ലം, പാലക്കാട്, ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിന്റുമായി തൃശൂരാണ് നാലാം സ്ഥാനത്ത്.
ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 21 എണ്ണമാണ് ഇതുവരെ പൂർത്തിയായത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളിൽ 29 എണ്ണവും പൂർത്തിയായി. ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 19 ഇനങ്ങളിൽ 4 എണ്ണമാണ് കഴിഞ്ഞത്. രണ്ടാം ദിനമായ ബുധനാഴ്ച 59 മത്സരങ്ങളാകും നടക്കുക. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.
24 വേദികളിലായി 14,000 മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിലായി 61-മത് കലോത്സവ വേദിയിൽ മാറ്റുരയ്‌ക്കുന്നത്. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്താണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുന്നത്.
















Comments