കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സുഹൃത്തും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ. ഒരുമിച്ചുള്ള പഴയ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. ചിത്രത്തിൽ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനുമുണ്ട്. ‘കഴിഞ്ഞ ദിവസം പനച്ചൂരാന്റെ ഓർമ്മ ദിനമായിരുന്നു. ഇന്ന് ബീയാർ പ്രസാദും പോയി. ഒത്തിരി വർഷം മുമ്പ് ഞാനും ശരത്തേട്ടനും, അനിലും, ബീയാറുമൊന്നിച്ച് ഒരു ഓണക്കാലത്ത്’ എന്ന കുറിപ്പോടു കൂടിയാണ് രാജീവ് ആലുങ്കൽ ചിത്രം പങ്കുവെച്ചരിക്കുന്നത്.
ചങ്ങനാശ്ശേരിയിൽ വച്ചായിരുന്നു ബീയാർ പ്രസാദിന്റെ അന്ത്യം. 61 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദ് നിരവധി സിനിമകൾക്ക് ഹിറ്റ് ഗാനമൊരുക്കിയ പ്രതിഭയാണ്. ഏഷ്യാനെറ്റിൽ ദീർഘകാലം അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1993-ൽ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്.
പ്രിയദർശന്റെ സംവിധാനത്തിൽ 2003-ൽ പുറത്തെത്തിയ കുളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു പാട്ടെഴുത്തിലേക്കു കടന്നത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ ആയിരുന്നു. ഒന്നാംകിളി പൊന്നാംകിളി, കസവിന്റേ തട്ടമിട്ട് തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയം. കിളിച്ചുണ്ടൻ മാമ്പഴത്തിന് പുറമെ വെട്ടം, ജലോത്സവം എന്നീ സിനിമകളിലെ ഗാനങ്ങളും ബീയാർ പ്രസാദിന് ഗാന രചയിതാവ് എന്ന നിലയിൽ ജനപ്രീതി നേടി കൊടുത്തു. ഏറ്റവും ഒടുവിൽ തട്ടിൻപുറത്ത് അച്യുതനിലാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയത്.
















Comments