തിരുവനന്തപുരം: മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച പത്തനംതിട്ട സ്വദേശി ബിനു സോമന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകും. ബിനുവിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായമായി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രളയ ദുരന്തം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ ബിനു മുങ്ങി മരിച്ചത്.
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നാണ് ബിനുവിന്റെ കുടുംബത്തിന് സഹായം നൽകുക. ഉടൻ തന്നെ പണം കൈമാറാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിയായിരിക്കും പണം സ്വീകരിക്കുക. മോക്ഡ്രില്ലിനിടെ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയാണ് ബിനുവിന്റെ മരണത്തിന് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.
ആരോഗ്യം, പഞ്ചായത്ത്, അഗ്‌നിശമന സേന, എൻഡിആർഎഫ്, പോലിസ് എന്നീ വകുപ്പുകൾ ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. എന്നാൽ മോക്ഡ്രിൽ ഏകോപിപ്പിക്കുന്നതിൽ ഈ വകുപ്പുകൾ തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിന് പുറമേ നേരത്തെ മോക്ഡ്രിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലം ഉൾപ്പെടെ മാറ്റിയതും അപകടത്തിന് പ്രധാനകാരണം ആയി.
















Comments