ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി സുരക്ഷാ സേന. കൂടുതൽ സിആർപിഎഫ് സൈനികരെ വിന്യസിക്കും. അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നീ ജില്ലകളിലാണ് സിആർപിഎഫ് സംഘത്തെ അധികമായി വിന്യസിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 18 കമ്പനി സിആർപിഎഫ് സേനാംഗങ്ങളെയാണ് വിന്യസിക്കുക. 18 കമ്പനികളിലായി 1,800 സേനാംഗങ്ങൾ ഉണ്ടാകും. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുറമേ ഭീകര വിരുദ്ധ പ്രവർത്തനങ്ങളും ഇവരുടെ ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രജൗരി ജില്ലയിലെ സമീപ ഗ്രാമങ്ങളിലായി രണ്ട് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഇരു ആക്രമണങ്ങളിലുമായി രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ജമ്മു കശ്മീരിൽ ഇനിയും ഭീകരാക്രമണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരിക്കുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സിആർപിഎഫ് സംഘത്തെ വിന്യസിക്കുക.
Comments