തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജേറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. ശമ്പള തുക 50,000ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കുകയാണ് ചെയ്തത്. കൂടാതെ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യം നൽകിയാണ് ശമ്പള വർധനവ്.
ഇതിന്റെ അടിസ്ഥാനത്തിൽ 75 മാസത്തെ ശമ്പള കുടിശ്ശിക ഇനത്തിൽ 37.50 ലക്ഷം രൂപ പണമായി തന്നെ നൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അഡ്വക്കേറ്റ് എ. ജയശങ്കർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും വൈറലാവുകയാണ്.
”സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശ്ശിക ഇനത്തിൽ 37.50 ലക്ഷം രൂപ റൊക്കം പണമായി നൽകി.
ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്‌കരണം നടത്തുകയായിരുന്നുവത്രേ. യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോൾ ഒരു ലക്ഷം തീരെ അപര്യാപ്തമാണ്. ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു.” ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ശമ്പളം കൂട്ടിയപ്പോഴാണ് ഇങ്ങനെ ഒരു കമ്മീഷനുള്ള കാര്യം സഖാക്കൾ പോലും അറിയുന്നതെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. എന്നാലും ആറു വർഷത്തെ മുൻകാല പ്രാബല്യത്തോടെ, ശമ്പളം അമ്പതിനായിരത്തിൽ നിന്നും ഒരു ലക്ഷമാക്കാൻ മാത്രം, കേരള യുവജന കമ്മീഷൻ ചെയർപേഴ്‌സനെ കൊണ്ട് കേരളത്തിലെ യുവജനങ്ങൾക്കുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്നും ചിലർ ചോദിച്ചു.
Comments