ആലപ്പുഴ: കാപ്പ ചുമത്തിയ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് സ്വദേശി കാനി എന്ന് അറിയപ്പെടുന്ന മനീഷ് (19) ആണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു മനീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ എത്തിച്ചത്. അജീഷ്, സതീഷ് എന്നിവരുടെ കാവലിൽ ആയിരുന്നു മനീഷിനെ കൊണ്ടുവന്നത്. ജയിലിന്റെ വാതിൽ തുറക്കാൻ കാത്ത് നിൽക്കുന്നതിനിടെ ഇരുവരെയും ആക്രമിച്ച് വീഴ്‌ത്തിയ ശേഷം മനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നവംബർ 19 നായിരുന്നു മനീഷിനെ കാപ്പ ചുമത്തി നാട് കടത്തിയത്. എന്നാൽ ഡിസംബറിൽ ഇയാൾ ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഭരണിക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ റിമാൻഡിൽ കഴിയവേ ഡിസംബർ 28 ന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെ ഇയാൾ വീടിന് സമീപത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
Comments