ശ്രീനഗർ: ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ സെല്ലിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന തലവൻ അബ്ദു അൽ-കശ്മീരി എന്ന അഹമ്മദ് അഹൻഘറിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഇയാളെ കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ജമ്മു കശ്മീർ സ്വദേശിയായ അഹൻഘർ നിലവിൽ അഫ്ഗാൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയുടെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് അഹൻഘറായിരുന്നു. തുടർന്നാണ് ഇയാൾ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് നടപടികൾ ജമ്മു കശ്മീരിൽ ആരംഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ കേന്ദ്രീകരിച്ച് ഐഎസ് മാഗസിൻ ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇയാൾ പല ഭീകര സംഘടനകളെയും ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഭീകരരുടെ പട്ടികയിൽപ്പെടുത്തി ഇയാളെ തിരയുന്നുണ്ടായിരുന്നു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ഉണ്ടാക്കും വിധം പ്രവർത്തനങ്ങളിലേർപ്പെടുന്നതായും കണ്ടെത്തി. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം കൊടും ഭീകരനായി പ്രഖ്യാപിച്ചത്.
















Comments