മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ. മലപ്പുറം പൊൻവള സ്വദേശി മുഹമ്മദ് റാഷിദും ഭാര്യ റംലത്തുമാണ് അറസ്റ്റിലായത്. ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. തുടർന്ന് മങ്കട സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾ അറസ്റ്റിലായത്. ഇവരെ തമിഴ്‌നാട് ഏർവാടിയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പലപ്പോഴായി അഞ്ച് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. 2022 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോവയിലെ കാസിനോവയിലെ ഓൺലൈൻ ചൂതാട്ടത്തിൽ തുക നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കൊണ്ട് രണ്ടിരട്ടി ലാഭം കൊയ്യാമെന്നായിരുന്നു ദമ്പതികളുടെ വാഗ്ദാനം. ഈ പേരിൽ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. തുടർന്നാണ് പണം തട്ടിയത്.
പണം കൈക്കലാക്കിയ ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി സമാനമായ മറ്റൊരു ഗ്രൂപ്പ് തയ്യാറാക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഇത്തരത്തിൽ ഏറെ കാലം തട്ടിപ്പ് തുടർന്നു. റംലത്തിന്റെ സഹോദരൻ റാഷിദും തട്ടിപ്പിൽ പങ്കാളിയാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു.
















Comments