ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
പ്രദേശത്ത് കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. ദുരിതമേഖലയിൽ നിന്ന് പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഏത്രയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വിള്ളലുണ്ടായ കെട്ടിടങ്ങളിൽ അപകട സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പലരും ക്യാമ്പുകളിലേക്ക് മാറാൻ കൂട്ടാക്കിയിട്ടില്ല.നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസത്തെ കുറിച്ച് വിശദപഠനം നടത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി പി. കെ മിശ്രയാകും വിദഗ്ധ സമിതിയെ നയിക്കുക.
വീടുകളുൾപ്പെടെ 600-ലധികം കെട്ടിടങ്ങൾക്കാണ് വിള്ളലുകൾ സംഭവിച്ചത്. സംഭവത്തിന് പിന്നാലെ നഗരവാസികളിൽ പലരും വാടകവീടുകൾ ഒഴിഞ്ഞു. ബദ്രിനാഥ്, ഹേമകുണ്ഡ് തീർത്ഥാടന കേന്ദ്രങ്ങളുടെ കവാടം ദുരന്തത്തിൽ തകർന്ന് വീണു. ഇതിനോടകം എഴുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് ജില്ലാഭരണകൂടം അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരിതബാധിത മേഖല സന്ദർശിച്ചിരുന്നു. ഗുരുതരാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ദുരന്തനിവാരണ സേനയോട് ഉടൻ സജ്ജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
















Comments