കൊല്ലം: പാൻമസാല കടത്ത് കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. ഒരു കോടിയോളം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ സിപിഎം നേതാവ് എ. ഷാനവാസും ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്ത്. ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ പിറന്നാളാഘോഷത്തിൽ പ്രതി ഇജാസ് പങ്കെടടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പാൻമസാല ശേഖരം പിടികൂടുന്നതിന് നാല് ദിവസം മുൻപ് എടുത്ത ചിത്രങ്ങളാണ് പുറത്തായത്.
കേസിൽ പിടിയിലായവരുമായി ബന്ധമില്ലെന്ന് വാദിക്കുന്നതിന് പിന്നാലെയാണ് മറനീക്കി ചിത്രങ്ങൾ പുറത്ത് വന്നത്. ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു. ഇജാസ് പിടിയിലായതായി അറിഞ്ഞതിന് പിന്നാലെ ആഘോഷ ചിത്രങ്ങൾ നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
കഴിഞ്ഞ ദിവസമാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇതിൽ ഒരു ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്‌ക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസ് വീണ്ടും ആവർത്തിക്കുന്നത്.
ഇക്കാര്യം ജയൻ സമ്മതിച്ചിരുന്നെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസാണ് എന്നാണ് ജയൻ പറയുന്നത്. കേസിൽ ഷാജഹാന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
















Comments