ഇന്ത്യൻ കറൻസികളിൽ എഴുതുകയോ വരയ്‌ക്കുകയോ ചെയ്താൽ, നോട്ടുകൾ വിനിമയത്തിന് ഉപയോഗിക്കാൻ പാടില്ലേ? നോട്ടുകൾ അസാധു ആകുമോ? ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി പ്രകാരം പേനകൊണ്ടേ് എഴുതിയ നോട്ടുകൾ അസാധു ആകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. യുഎസ് ഡോളറും ഇത്തരത്തിൽ വിനിമയത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്നും സന്ദേശത്തിന്റെ അവസാന ഭാഗത്ത് കൂട്ടിച്ചേർത്തിട്ടുണ്ട്.
സന്ദേശം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗം. പേന കൊണ്ട് എഴുതിയ കറൻസി നോട്ടുകൾ അസാധുവാകില്ലെന്ന് പിബിഐ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലുടെ അറിയിച്ചു.
എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യ്‌ക്ക് ക്ലീൻ നോട്ട് പോളിസിയുമായി ബന്ധപ്പെട്ട് വ്യക്തമായ നയമുണ്ട്. കറൻസികൾ ഒരു തരത്തിലും വികൃതമാക്കുകയോ കീറുകയോ ചെയ്യരുതെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്
. അഥവാ പേന കൊണ്ട് എഴുതുകയോ വരയ്‌ക്കുകയോ ചെയ്ത കറൻസി നോട്ടുകൾ കൈയ്യിലെത്തിയാൽ അവ ഏതെങ്കിലും ബാങ്ക് ശാഖയിൽ ഏൽപ്പിച്ച് മാറ്റി വാങ്ങാനാണ് ആർബിഐ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്.
Comments