കോഴിക്കോട്: കലോത്സവത്തിന്റെ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്ക്കാരത്തിൽ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നാണ് സിപിഎമ്മിന്റെ വാദം. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുകയും വേണം എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.
സംഗീത ശില്‍പ്പത്തിനെതിരെ മുസ്ലിം ലീഗാണ് ആദ്യം രംഗത്തു വന്നത്. സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ കാണിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. പിന്നാലെ, സ്വാഗത ഗാനം തയ്യാറാക്കിയവരുടെ മതവും ജാതിയും രാഷ്‌ട്രിയവും അന്വേഷിച്ച് ചില മാദ്ധ്യമങ്ങളും രംഗത്തു വന്നു. സംഭവം വിവാദമായതോടെ സ്വാഗത ഗാനം തയ്യാറാക്കുന്നതില്‍ പങ്കാളികളായവരുടെ താൽപര്യം പരിശോധിക്കണമെന്നും പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടു.
വർഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് റിയാസിന്റെ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്നടിച്ചു. സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം കേട്ടവർക്കാർക്കും അതിൽ വർഗീയത തോന്നിയില്ല. കലോത്സവം നടത്തിയത് വിദ്യാഭ്യാസ വകുപ്പും ചുക്കാൻ പിടിച്ചത് മുഹമ്മദ് റിയാസുമാണ്. ഇത്തരം വിവാദങ്ങളിലൂടെ വർഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. റിയാസിന്റെ ലക്ഷ്യം പകൽപോലെ വ്യക്തമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments