പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. മണികണ്ഠനായ അയ്യപ്പ സ്വാമിയുടെ അവതാരം നടത്തിയ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ.
പാണനിലകളും വിവിധതരം ഛായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാർ ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയേറ്റ ശരീരമെന്ന സങ്കൽപത്തിൽ തുണിയിൽ പച്ചക്കറി കെട്ടി കമ്പിൽ തൂക്കി തൊളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേർക്കാഴ്ചയാണ് പേട്ടതുള്ളൽ.
ആദ്യം അമ്പലപ്പുഴ സംഘമാണ് പേട്ടതുള്ളൽ നടത്തുന്നത്. ഉച്ചയ്‌ക്ക് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ നടക്കും. ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ബന്ധപ്പെട്ട സംഘടനകളും നടത്തിയിട്ടുള്ളത്. രാവിലെ 10.30-നാണ് പേട്ടതുള്ളൽ ആരംഭിക്കുക. 200 പേർ ആണ് സംഘത്തിലുള്ളത്. ഒന്നിന് അമ്പലപ്പുഴ സംഘം ധർമശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കും. 3-ന് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. 250 പേരാണുള്ളത്. ആലങ്ങാട് സംഘം 6.30-ന് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മികവേകും. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി. ബൈജു, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിപി സതീഷ്‌കുമാർ, അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയൻ എരുമേലി, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, എരുമേലി ജമാഅത്ത് പ്രസിഡന്റ് പിഎ ഇർഷാദ്,വ്യാപാരി വ്യവസായി സമിതികൾ, കെഎസ്ആർടിസി, കേരള വെള്ളാള മഹാസഭ, എൻഎസ്എസ് എരുമേലി കരയോഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ പേട്ടതുള്ളലിനെ സ്വീകരിക്കും.
എരുമേലിയിലും പരിസരങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിലവിലുള്ള 500 പോലീസുകാരെ കൂടാതെ 200 പേരെ അധികമായി നിയമിച്ചതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക അറിയിച്ചു.
















Comments