ലക്നൗ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഉത്തർപ്രദേശിലെ വാരണാസിയിൽ എംവി ഗംഗാ വിലാസ്’ ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരമാണ് വാരണാസിയിൽ നിന്നുള്ള ആഡംബര യാത്ര പിന്നിടുന്നത്. രവിദാസ് ഘട്ടിൽ നിന്നാണ് കപ്പൽ പുറപ്പെടുന്നത്. 31 യാത്രക്കാർ 50 സ്ഥലങ്ങളിലൂടെ 51 മണിക്കൂർ ദൈർഘ്യമുള്ള യാത്ര പുറപ്പെടും. ഇന്ത്യൻ ടൂറിസത്തിന്റെ പുതിയ ചുവടു വയ്പ്പാണിത്.
‘എംവി ഗംഗാ വിലാസ്’ എന്നാണ് പുതിയ കപ്പലിന്റെ പേര്. 3 മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ജിം, സ്പാ സെന്റർ, ലൈബ്രറി എന്നിവയുമുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലിൽ യാത്ര ആരംഭിക്കുന്നത്. 31 യാത്രക്കാർക്കൊപ്പം 41 ജീവനക്കാരും കപ്പലിലുണ്ട്.
27 നദീതടങ്ങളിലൂടെ കപ്പൽ കടന്നു പോകും. ഇത് ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഇതെല്ലാം സാധ്യമാക്കിയത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ഗംഗാ വിലാസ് പദ്ധതി കൂടുതൽ മത്സരം ക്ഷണിച്ചുവരുത്തുകയും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി സർവാനന്ദ സോനോവാൾ പറഞ്ഞു.
















Comments