വിജയത്തിളക്കത്തിൽ മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. റിലീസ് ചെയ്ത തിയറ്ററുകളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും റിലീസ് ചെയ്ത സിനിമയ്‌ക്ക് എങ്ങും ഹൗസ്ഫുൾ ഷോകളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് വിതരണം ചെയ്യുന്നത് അല്ലു അർജ്ജുന്റെ ഗീതാ ആർട്സ് ആണ് എന്നത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ, തെലുങ്ക് പതിപ്പ് ജനുവരി 21-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതേസമയം, ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മലയാളം പതിപ്പിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ഡിസംബര്‍ 30-ന് റിലീസ് ചെയ്ത മാളികപ്പുറം, ഇതിനോടകം 25 കോടി ക്ലബിൽ ഇടം നേടി. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേയ്‌ക്കാണ് മാളികപ്പുറം പടി കയറുന്നത്. സണ്‍ഡേ ബോക്സ്ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും ചിത്രം ഇടം നേടിയിരുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
















Comments