ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചയാളെ പോലീസ് പിടികൂടി. വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകിയത് ബ്രിട്ടീഷ് എയർവേസ് ജീവനക്കാരനാണ്. ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
24-കാരനായ അഭിനവ് പ്രകാശാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് എയർവേസിന്റെ ടിക്കറ്റിംഗ് കൗണ്ടറിൽ ട്രെയിനിയായി ജോലി ചെയ്യുന്നയാളാണ് അഭിനവ്. എന്തിനാണ് വ്യാജ ബോംബ് ഭീഷണി നൽകിയതെന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയായിരുന്നു പ്രതി നൽകിയത്.
ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോകാനിരുന്ന വിമാനം വൈകിപ്പിക്കുകയായിരുന്നു ലക്ഷ്യം. അഭിനവിന്റെ സുഹൃത്തുക്കളുടെ കാമുകിമാർ ചിലർ പൂനെയിലേക്ക് പോകാനുണ്ടായിരുന്നു. സുഹൃത്തുക്കൾക്ക് കാമുകിമാരുടെ ഒപ്പം അൽപ സമയം കൂടി ചിലവിടാൻ വേണ്ടിയാണ് വിമാന സർവീസ് വൈകിപ്പിച്ചത്. ഇതോടെ അവർക്ക് അധിക സമയം ഒരുമിച്ച് പങ്കിടാൻ സാധിച്ചു. അതിനുവേണ്ടിയാണ് വിമാനത്തിൽ ബോംബുണ്ടെന്ന് വിളിച്ച് പറഞ്ഞതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
അഭിനവിന്റെ കുട്ടിക്കാലം തൊട്ടുള്ള കൂട്ടുകാരായിരുന്നു രാകേഷ്, കുനാൽ എന്നിവർ. അടുത്തിടെ ഇവർ മണാലിക്ക് ട്രിപ്പ് പോയിരുന്നു. അപ്പോൾ പരിചയപ്പെട്ട രണ്ട് പെൺകുട്ടികൾ ഡൽഹിയിൽ നിന്നും പൂനെയിലേക്ക് പോകാനിരുന്ന വിമാനമാണ് അഭിനവ് വൈകിപ്പിച്ചത്. കൂട്ടുകാർ ആവശ്യപ്പെട്ടതുപ്രകാരമാണ് താൻ കടുംകൈ ചെയ്തതെന്നും അഭിനവ് പോലീസിനോട് പറഞ്ഞു. മൂന്ന് പേരും ചേർന്ന് ബോംബ് ഭീഷണി കോൾ ഗൂഢാലോചന ചെയ്തുവെന്നും പോലീസ് പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ഡൽഹിയിൽ നിന്നും പൂനെയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം പോകാനിരുന്നത്. ബോംബ് ഭീഷണിയുണ്ടായതോടെ മണിക്കൂറുകൾ വൈകി. വിമാനം മുഴുവനായും പരിശോധിച്ച് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സർവീസ് നടത്തിയത്. വ്യാജ ഭീഷണി സന്ദേശം മൂലം നിരവധി യാത്രക്കാർ പ്രതിസന്ധിയിലായിരുന്നു.
















Comments