ഡൽഹി: സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പണികഴിക്കുന്ന സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് ഉദ്ഘാടനം ചെയ്യും. 2018-ൽ നേതാജിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട റോസ് ഐലൻഡിലാണ് നിർദിഷ്ട സ്മാരകം സ്ഥാപിക്കുന്നത്. മ്യൂസിയം, കേബിൾ കാർ റോപ്പ്‌വേ, ലേസർ ആൻഡ് സൗണ്ട് ഷോ, ചരിത്രപരമായ കെട്ടിടങ്ങളിലൂടെയുള്ള ഗൈഡഡ് ഹെറിറ്റേജ് ട്രയൽ എന്നിവ സ്മാരകത്തിൽ ഉണ്ടാവും. കൂടാതെ, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക്, ഒരു റെസ്ട്രോ ലോഞ്ചും ഉണ്ടായിരിക്കും.
മോഡലിന്റെ വെർച്വൽ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് പരമവീർ ചക്ര അവാർഡ് ജേതാക്കളുടെ പേരിടൽ പ്രഖ്യാപിക്കുമെന്ന് ആൻഡമാൻ നിക്കോബാർ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പോർട്ട് ബ്ലെയറിലെ ഡോ.ബി.ആർ.അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പരിപാടി തത്സമയം പ്രദർശിപ്പിക്കും. ജനുവരി 23-ന് പോർട്ട് ബ്ലെയറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിലെ മുഖ്യാതിഥിയാകും.
1943 ഡിസംബർ 30-ന് ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) കമാൻഡർ ഇൻ ചീഫ് ത്രിവർണ പതാക ഉയർത്തിയ അതേ സ്ഥലത്ത് അമിത് ഷാ ദേശീയ പതാക ഉയർത്തും. തുടർന്ന് പോർട്ട് ബ്ലെയറിലെ നേതാജി സ്റ്റേഡിയത്തിൽ പൊതു പ്രസംഗം നടത്തും. ചലച്ചിത്ര പ്രദർശനവും നേതാജിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത നർത്തകി തനുശ്രീ ശങ്കർ കൊറിയോഗ്രാഫി ചെയ്ത നൃത്ത ബാലെയും ഉൾപ്പെടെ നിരവധി പരിപാടികൾ പോർട്ട് ബ്ലെയറിൽ നടക്കും. പോർട്ട് ബ്ലെയറിൽ അമിത് ഷായുടെ രണ്ടാമത്തെ സന്ദർശനമാണിത്. ഇതിന് മുമ്പ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ 2021-ൽ അമിത് ഷാ പോർട്ട് ബ്ലെയറിൽ എത്തിയിരുന്നു.
















Comments