പ്രായക്കൂടുതൽ കാരണം കിടന്നുറങ്ങാൻ കഴിയാതെ ഗജമുത്തശ്ശി. അതുകൊണ്ട് ചാരി നിന്നുറങ്ങാൻ മൊത്ത തയ്യാറാക്കിയിരിക്കുകയാണ് ദേവസ്വം അധികൃതർ. താര എന്ന് ഗജമുത്തശ്ശി കിടന്നാൽ എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് ഇത്തരം തീരുമാനമെടുത്തതിന് പിന്നിൽ.
1975 ജൂണിൽ പുന്നത്തൂർക്കോട്ട ആനത്താവളം തുറക്കുമ്പോൾ താര ഗുരുവായൂരിൽ ഉണ്ടായിരുന്നു. അന്നത്തെ പിടിയാനകളിൽ അവശേഷിക്കുന്ന താരമാണ് താര. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണ് താരയ്‌ക്ക്. സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ.ദാമോദരൻ 1957-ൽ ആണ് ഗുരവായൂരിൽ നടയ്‌ക്കിരുത്തുന്നത്. അപ്പോൾതന്നെ ആനയ്‌ക്ക് നല്ല പ്രായമുണ്ടായിരുന്നതായി അന്നത്തെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
കിടന്നുറങ്ങി എഴുന്നേൽക്കുമ്പോഴുള്ള ആയാസം കുറയ്‌ക്കാനായി നന്ദിനി എന്ന പിടിയാനയ്‌ക്ക് ഫൈബർ മാറ്റ് വാങ്ങാനും പദ്ധതിയുണ്ട്. ശരീരഭാരം മുഴുവൻ പേറി മുതുകിന്റെ അറ്റം ഊന്നി എഴുന്നേൽക്കുമ്പോൾ പ്രായം ചെന്ന ആനകൾക്ക് തൊലി പൊട്ടാനും മറ്റുമുള്ള സാദ്ധ്യത കണക്കിലെടുത്താണ് മാറ്റ് കൊണ്ടുവന്നത്. 1.75 ലക്ഷം രൂപയാണ് ഒരാനയ്‌ക്കുള്ള മാറ്റിന് ചെലവ്.
പ്രായം കൂടുമ്പോൾ നാട്ടാനകൾ കിടന്നുറങ്ങുന്നത് കുറയ്‌ക്കുമെന്ന് പാപ്പാൻമാർ ചൂണ്ടിക്കാട്ടുന്നു. പിന്നെ നിന്നാണ് ഉറക്കം. കാട്ടിൽ ആനകൾ നിന്ന് ഉറങ്ങാൻ ശീലിച്ചവരാണ്. നാട്ടാനകൾ മനുഷ്യൻ നൽകുന്ന സുരക്ഷിതത്വത്തിൽ 40 ശതമാനം ഉറക്കം കിടന്നുകൊണ്ടാകും. പക്ഷേ പ്രായം കൂടുന്നതോടെ കിടന്നുള്ള ഉറക്കം കുറയും.
Comments