ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്‌ക്ക് നേരെ ആക്രമണം. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാളിന് നേരെയാണ് യുവാവിന്റെ അതിക്രമമുണ്ടായത്. മദ്യപിച്ച് ലക്കുകെട്ടെത്തിയ കാർ ഡ്രൈവർ സ്വാതിയുടെ കൈകൾ കാറിനുള്ളിൽ കുരുക്കി 15 മീറ്ററോളം വലിച്ചിഴച്ചുവെന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്.
സ്വാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 47-കാരനായ കാർ ഡ്രൈവർ ഹരീഷ് ചന്ദ്ര അറസ്റ്റിലായി. ഡൽഹി എയിംസ് ഹോസ്പിറ്റലിന് സമീപത്താണ് അതിക്രമം നടന്നത്. സ്വാതിയുടെ കൈ കാറിൽ കുരുക്കി 15 മീറ്ററോളം വലിച്ചിഴച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഡൽഹിയിൽ രാത്രിസമയത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാൻ നേരിട്ടെത്തിയതായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ. ഇതിനിടെ മദ്യപിച്ച് വാഹനമോടിച്ച് ഒരാൾ സമീപമെത്തുകയും കാറിൽ കയറിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സ്വാതി വിസമ്മതിച്ചതോടെ അയാൾ പോയി. എന്നാൽ തൊട്ടുപിന്നാലെ യു-ടേൺ എടുത്ത് തിരിച്ച് വരികയും കാറിനുള്ളിൽ കയറാൻ സ്വാതിയെ വീണ്ടും നിർബന്ധിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവറെ പിടികൂടുന്നതിനായി സ്വാതി കാറിന് സമീപത്തേക്ക് എത്തി. ഡ്രൈവർ-സീറ്റിലേക്ക് കൈയ്യിട്ട് ഹരീഷിനെ പിടികൂടാൻ ശ്രമിച്ചു. പെട്ടെന്ന് ഹരീഷ് ചന്ദ്ര കാറിന്റെ വിൻഡോ ഗ്ലാസ് ഉയർത്തി. ഇതോടെ സ്വാതിയുടെ കൈ കാറിനുള്ളിൽ കുരുങ്ങി. തൊട്ടുപിന്നാലെ ഇയാൾ 15 മീറ്ററോളം കാർ ഓടിച്ച് സ്വാതിയെ വലിച്ചിഴയ്‌ക്കുകയായിരുന്നു.
ഏതാനും നാളുകൾക്ക് മുമ്പായിരുന്നു ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന 20-കാരിയെ ഇടിച്ചിട്ടതിന് ശേഷം കാറിൽ കുരുങ്ങിയ യുവതിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വാഹനാപകടമുണ്ടായതിന് പിന്നാലെ കാറിന്റെ ചക്രത്തിൽ യുവതി കുരുങ്ങിയിരുന്നു. ഇതുവകവെക്കാതെയായിരുന്നു കാറിലുണ്ടായിരുന്ന സംഘം 12 കിലോമീറ്ററോളം വാഹനമോടിച്ചത്. ഡൽഹിയിലെ കഞ്ചവാലയിലാണ് നാടിനെ നടുക്കുന്ന കൊലപാതകമുണ്ടായത്.
















Comments