തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും നൽകും. സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും ഉത്തരവ് ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അറിയിച്ചു. 18 തികഞ്ഞ വിദ്യാർത്ഥിനികൾക്ക് രണ്ട് മാസമാണ് പ്രസവാവധി നൽകുക. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ കുസാറ്റിലും പിന്നീട് കേരള സാങ്കേതിക സർവകലാശാലയിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ഇത് അനുവദിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണനയിലാണെന്ന് അറിയിച്ച മന്ത്രി പിന്നീട് അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
ഇനി വിദ്യാർത്ഥിനികൾക്ക് പരീക്ഷയെഴുതാൻ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ ആവശ്യമില്ല. 73 ശതമാനം ഹാജറോടെ പരീക്ഷയെഴുതാനാവും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകൾക്കാണ് ഉത്തരവ് ബാധകമാവുക.
Comments