ഡൽഹി: കേന്ദ്രസർക്കാരിന്റെ റോസ്ഗർ മേളയുടെ ഭാഗമായി 71,000 നിയമനങ്ങൾ കൂടി പുതുതായി നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിൽ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേർക്ക് നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് വഴി വിതരണം ചെയ്തു. 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ട് കേന്ദ്രസർക്കാർ ആരംഭിച്ചതാണ് റോസ്ഗർ മേള എന്നും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനുള്ള ശ്രമമാണിതെന്നും നിയമന കത്ത് കൈമാറി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സന്തോഷം മാത്രമല്ല റോസ്ഗർ മേള, രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഊർജസ്വലതയോടും നിശ്ചയദാർഢ്യത്തോടും കൂടി മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാണ് റോസ്ഗർ മേള എന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റോസ്ഗർ മേള ഉത്തേജകമായി പ്രവർത്തിക്കുമെന്നും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളികളാകാനും അവസരങ്ങൾ നൽകുന്നതാണ് റോസ്ഗർ മേള എന്നും പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
ജൂനിയർ എഞ്ചിനീയർമാർ, ലോക്കോ പൈലറ്റുമാർ, ടെക്‌നീഷ്യൻമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നിങ്ങനെ സർക്കാർ വകുപ്പുകളിലേയ്‌ക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു. സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, അദ്ധ്യാപകൻ, നഴ്‌സ്, ഡോക്ടർ, സോഷ്യൽ സെക്യൂരിറ്റി ഓഫീസർ, പേഴ്‌സണൽ അസിസ്റ്റന്റ്, മൾട്ടി ടാസ്‌ക് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലും നിയമനം നടന്നു. 2022 നവംബർ 22-ന് 71,000 നിയമന കത്തുകളും ഒക്ടോബറിൽ 75,000-ത്തിലധികം കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.
















Comments