ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധത്തിന് കൂടുതൽ ആയുധങ്ങൾ നൽകണമെന്ന ആവശ്യവുമായി അദ്ധ്യാപിക. ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. സുനിത താക്കൂർ എന്ന അദ്ധ്യാപികയാണ് സ്വന്തം ജീവിതത്തിൽ നടന്ന ഭീകരാക്രമണത്തെ ചൂണ്ടിക്കാട്ടി ആവശ്യം ഉന്നയിച്ചത്. വില്ലേജ് ഡിഫൻസ് ഗാർഡിന് പരിശീലനം നൽകുന്നതിനൊപ്പം കൂടുതൽ ആയുധങ്ങളും സുരക്ഷയുടെ ഭാഗമായി നൽകണമെന്നാണ് അദ്ധ്യാപിക അഭ്യർത്ഥന നടത്തിയത്.
2002-ൽ നടന്ന ഭീകരാക്രമണത്തിൽ സുനിതയുടെ പിതാവ് കൊല്ലപ്പെട്ടു. വീടിനുളളിൽ കയറി ആക്രമിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. 2023 ജനുവരിയിൽ രജൗരിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങൾ 50 മീറ്റർ വ്യത്യാസത്തിലാണ് നടന്നത്. അക്രമാസക്തമായ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെല്ലാം നിരായുധരാണെന്നും കൂടുതൽ ആയുധങ്ങൾ ഇവരിലേയ്‌ക്ക് എത്തിക്കുകയും വില്ലേജ് ഡിഫൻസ് ഗാർഡിന് കൂടുതൽ പരിശീലനം നൽകണമെനന്നും സുനിത ആവശ്യപ്പെടുന്നു. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി ജനങ്ങളുടെ ഭയം കുറക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിനെ സഹായിക്കാനാകുമെന്നും അദ്ധ്യാപിക കൂട്ടിച്ചേർത്തു. നിലവിൽ 3-4 പോലീസ് ഉദ്യോഗസ്ഥർ മാത്രം സുരക്ഷയ്‌ക്കായി നിൽക്കുന്നതിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിക്കണമെന്നും ആവശ്യം ഉന്നയിച്ചു.
കഴിഞ്ഞ ജനുവരി 1,2 തീയതികളിലായി ഇരട്ട സ്‌ഫോടനങ്ങളാണ് ജമ്മുവിൽ അരങ്ങേറിയത്. കുട്ടികളും മുതിർന്നവരുമടക്കം 7 പേരുടെ ജീവനാണ് സ്ഫോടനങ്ങളിൽ പൊലിഞ്ഞത്. നിരവധി പ്രദേശവാസികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.സംഭവത്തിൽ മരിച്ച പ്രദേശവാസികളുടെ കൂടുംബാംഗങ്ങളെ കാണുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തിയിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് അദ്ദേഹത്തിന് സന്ദർശനം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫോണിലൂടെ വിവരങ്ങൾ തിരക്കുകയാണുണ്ടായത്.
Comments