പ്രതിഷേധ പോസ്റ്റിന് പ്രതികരിച്ചയാൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് സിനിമയക്ക് നേരെയുള്ള ട്രോളുകളോടും പരിഹാസങ്ങളോടും പ്രതികരിച്ച് അൽഫോൺസ് പുത്രൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ചെയ്തയാൾക്കാണ് സംവിധായകന്റെ മറുപടി. ‘ഗോൾഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ചു. അടുത്ത പടം ഇറക്ക്, സീൻ മാറും,’ എന്നായിരുന്നു കമന്റ്. ഇത് സ്ക്രീൻ ഷോട്ട് എടുത്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് അൽഫോൺസ് മറുപടി നൽകിയിരിക്കുന്നത്. ‘ഇത് തെറ്റാണ് ബ്രോ, നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽ ഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നായിരുന്നു അൽഫോൺസിന്റെ പ്രതികരണം.
‘എന്നെ ട്രോളുന്നതും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നതും നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങൾക്ക് മാത്രമാണ് നല്ലത്. എനിക്ക് വേണ്ടിയല്ല ഇതൊന്നും. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല. എന്നെ കളിയാക്കാനും പരസ്യമായി അപമാനിക്കാനും ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല’.
‘നിങ്ങൾക്ക് എന്റെ സിനിമകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. എന്നാൽ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷനാകും. ഞാൻ പഴയതുപോലെ അല്ല. എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും എനിക്ക് നന്ദിയുണ്ട്. അവരോട് ഞാൻ കടപ്പെട്ടവനാണ്. എന്നാൽ, ഞാൻ വീണു പോയപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും ഞാൻ മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് സ്വാഭാവികമാണ്. എന്നെ വീഴ്‌ത്തിയ പ്രകൃതി തന്നെ എന്നെ സംരക്ഷിക്കുകയും ചെയ്യും’ എന്നാണ് അൽഫോൺസ് പുത്രൻ ട്രോളുകളിൽ പ്രതിഷേധിച്ചു കൊണ്ട് ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments