ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ/സർക്കാർ വിഷയത്തിൽ സംവാദം പുരോഗമിക്കവെ നിരവധി തവണ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള കേന്ദ്രമന്ത്രിയാണ് കിരൺ റിജിജു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിയമമന്ത്രിയായ അദ്ദേഹം.
കോടതിയിൽ വിധി പ്രസ്താവം നടത്താനിരിക്കുന്ന ജഡ്ജിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരികയോ പൊതുജനങ്ങളുടെ കർശനമായ നിരീക്ഷണങ്ങൾക്ക് വിധേയമാവുകയോ ചെയ്യേണ്ടി വരുന്നില്ലെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടി. എന്നിരുന്നാലും അവർ പൊതുജങ്ങളുടെ വിലയിരുത്തലിന് പാത്രമാകാറുണ്ട്. വിധി പ്രസ്താവങ്ങളുണ്ടാകുമ്പോഴും ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും ജനങ്ങളുടെ കണ്ണുകൾ ജഡ്ജിമാരുടെ നേർക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ജനങ്ങൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വിധികൾ, ജോലിയുടെ പ്രക്രിയ, നിങ്ങൾ എപ്രകാരമാണ് നീതി നടപ്പാക്കുന്നത് എന്നതെല്ലാം ജനങ്ങൾ ശ്രദ്ധിക്കും. അതെല്ലാം സൂക്ഷ്മമായി വിലയിരുത്തി നിങ്ങളെക്കുറിച്ച് അഭിപ്രായം രൂപീകരിക്കും” കിരൺ റിജിജു അഭിഭാഷകരോട് പറഞ്ഞു. ഡൽഹി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഹിക്കുന്ന പ്രസക്തിയെക്കുറിച്ചും നിയമമന്ത്രി ഓർമ്മിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങൾ വളരെ സജീവമായതിനാൽ ഇന്ന് എല്ലാവർക്കും സംസാരിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ട് പഴയകാലം പോലെയല്ല. അന്ന് നേതാക്കൾ മാത്രമാണ് സംസാരിച്ചിരുന്നത്. ഇന്ന് അങ്ങനെയല്ലെന്നും കിരൺ റിജിജു പറഞ്ഞു.
ജഡ്ജിമാർ സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ഒരിക്കൽ ചീഫ് ജസ്റ്റിസ് തന്നോട് സംസാരിച്ചിരുന്നു. എപ്രകാരമാണ് ജഡ്ജിമാർ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നതിനെ നിയന്ത്രിക്കാൻ കഴിയുക. ജഡ്ജിമാർക്ക് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകാൻ കഴിയില്ല. അതിനാൽ ഇക്കാര്യം കേന്ദ്രസർക്കാർ വിശദമായി പരിശോധിച്ച് വരികയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
















Comments