ന്യൂഡൽഹി : ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ സിഇഒ ആൻഡി ജസ്സി. ആയിരത്തിലധികം ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും. പുതുവത്സരത്തിന്റെ തുടക്കത്തിൽ 18,000 ജീവനക്കാരെ ആഗോള തലത്തിൽ നിന്ന് പിരിച്ചു വിടുമെന്ന് ആമസോൺ അധികൃതർ അറിയിച്ചിരുന്നു. ഇത് മൊത്തം ജീവനക്കാരുടെ ഒരു ശതമാനം ആണ്. ഈ വർഷം ആദ്യം ആമസോണിന്റെ ഇന്ത്യൻ ജീവനക്കാർക്ക് സീനിയർ മാനേജർമാർ നേരിൽ കാണണമെന്ന് അറിയിച്ചു കൊണ്ട് ഇമെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് വിളിപ്പിച്ചതെന്ന് ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നില്ല.
ജീവനക്കാരിൽ നിരവധി പേർ വർക്ക് ഫ്രം ഹോം ആയാണ് ജോലി ചെയ്യുന്നത്. അടിയന്തരമായി വിമാനമാർഗ്ഗം സ്വീകരിച്ചാണെങ്കിലും അടുത്ത ദിവസം യോഗത്തിൽ പങ്കുചേരണമെന്നാണ് അധികൃതർ അറിയിച്ചത്. പലരും ജോലി ചെയ്ത സ്ഥലത്ത് നിന്ന് വിമാനത്തിലും മറ്റുമായി ഓഫീസിലെത്തിയപ്പോഴാണ് പിരിച്ചുവിടപ്പെട്ടതായി അറിഞ്ഞത്. ഇങ്ങനെ യാത്ര ചെയ്ത് എത്തിയവർക്ക് വിമാനയാത്രയ്ക്കും താമസത്തിനും ചെലവായ തുക തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കൂടാതെ 5 മാസം പിരിച്ചുവിടൽ വേതനം നൽകുമെന്ന് ആമസോൺ അധികൃതർ അറിയിച്ചു. പിരിച്ചുവിടൽ ബാധിച്ച ജീവനക്കാർ ലിങ്ക്ടിനിലും ട്വിറ്ററിലുമായി പുതിയ തൊഴിലവസരങ്ങൾ അന്വേഷിക്കുകയാണ്. മെറ്റ, മൈക്രസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികൾ വലിയൊരു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ആമസോണിന്റെ പുതിയ നീക്കം.
Comments